അദ്ദേഹം എഴുന്നേറ്റ് വന്ന് ഷേക്ക് ഹാന്‍ഡ് തന്നു; അതോടെ എനിക്ക് ആ സിനിമയില്‍ കൂടുതല്‍ സീനുകള്‍ കിട്ടി: വിഷ്ണു ഉണ്ണികൃഷ്ണന്‍
Entertainment news
അദ്ദേഹം എഴുന്നേറ്റ് വന്ന് ഷേക്ക് ഹാന്‍ഡ് തന്നു; അതോടെ എനിക്ക് ആ സിനിമയില്‍ കൂടുതല്‍ സീനുകള്‍ കിട്ടി: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th December 2023, 9:59 pm

ബാലതാരമായി വന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സിബി മലയില്‍ ചിത്രമായ എന്റെ വീട് അപ്പുവിന്റേയും എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയില്‍ അഭിനയിക്കുന്നതിന് ഇടയിലുണ്ടായ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘അസിസ്റ്റന്റ് ഡയറക്ടര്‍ നിഷാന്തിക്ക വഴിയാണ് ഞാന്‍ ആ സിനിമയിലേക്ക് എത്തുന്നത്. പക്ഷേ ആ കഥാപാത്രത്തിന് വേണ്ടി അവര്‍ വേറെ ഒരാളെ കണ്ടു വെച്ചിരുന്നു. എങ്കിലും എന്നെയും അവരുടെ കൂട്ടത്തില്‍ നിര്‍ത്തി.

എന്തെങ്കിലും ഡയലോഗ് കിട്ടിയാലോ എന്ന് പറഞ്ഞാണ് ഇക്ക അവിടെ നിര്‍ത്തിയത്. ജുവനൈയില്‍ ഹോമിലെ പിള്ളേരായിട്ട് കുറേ ആളുകളെ വേണമായിരുന്നു. സപ്പോര്‍ട്ടിങ്ങ് ആര്‍ടിസ്റ്റുകളായിട്ട് കുറേ പേരെ നിര്‍ത്തിയിരുന്നു.

എല്ലാവരുടെയും മുടി ട്രിമ്മ് ചെയ്തു. കൂട്ടത്തില്‍ എന്റെ മുടിയും ട്രിമ്മ് ചെയ്തിട്ട് കറക്റ്റ് ജയില്‍ പുള്ളിയെ പോലെയാക്കി. ഇതിനിടയില്‍ ഡയലോഗ് പറയാന്‍ ഒരാളെ വേണമെന്നായപ്പോള്‍ അസോസിയേറ്റ് വന്നിട്ട് ആരാ ഇതില്‍ ഡയലോഗ് പറയുന്നതെന്ന് ചോദിച്ചു.

അപ്പോഴേക്കും ഇക്ക എന്റെ അടുത്തേക്ക് ഓടി വന്ന് ചോദിച്ചത് നീ പറയില്ലേ എന്നായിരുന്നു. ഞാന്‍ ഉടനെ സമ്മതിച്ചു. അപ്പോള്‍ ഉടനെ ഇക്ക ‘സാര്‍ ഇവന്‍ പറയും’ എന്ന് പറഞ്ഞു.

ടി.എസ് രാജു എന്ന നടന്‍ അസംബ്ലി പോലെ നിര്‍ത്തിയിട്ട് എല്ലാവരെയും ചോദ്യം ചെയ്യുന്നു. ‘ഇന്നലെ രാത്രി എന്റെ ക്യാബിനില്‍ കയറി ആരാണ് സിഗരറ്റ് മോഷ്ടിച്ചത്’ എന്ന് ചോദിക്കുന്നു.

എന്നിട്ട് കൂട്ടത്തില്‍ ഒരു പയ്യനെ പിടിക്കുന്നു. അവനെ തല്ലുമ്പോള്‍ കരയണം. അവസാനം അവന്‍ കരഞ്ഞു കൊണ്ട് എന്റെ അമ്മയാണെ സത്യം ഞാന്‍ അല്ലെന്നൊക്കെ പറയും. അതാണ് സീന്‍.

അങ്ങനെ റിഹേഴ്‌സല്‍ ചെയ്തപ്പോള്‍ ഓക്കേയായി. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ടേക്ക് അധികം പോകാതിരിക്കുക എന്ന് പറഞ്ഞാല്‍ വലിയ ക്രെഡിബിളിറ്റിയുള്ള കാര്യമാണ്.

അന്ന് ആദ്യ ടേക്കില്‍ തന്നെ എന്റെ മാരക പെര്‍ഫോമന്‍സില്‍ സീന്‍ ഓക്കെയായി. ഉടനെ സിബി മലയില്‍ സാര്‍ എഴുന്നേറ്റ് വന്ന് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. അതോടെ എല്ലാവരും കയ്യടിച്ചു.

എനിക്ക് അത് ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയത് പോലെയായി. പിന്നെ എനിക്ക് അവിടെ ഒരു സ്‌പേസ് കിട്ടി. വേറെ സീന്‍ വരുമ്പോള്‍ അതില്‍ മറ്റേ പയ്യനെ ആഡ് ചെയ്താല്‍ പോരെ എന്ന് ചോദിക്കാന്‍ തുടങ്ങി. അങ്ങനെ പല സീനിലും ഞാന്‍ വന്നു. അതില്‍ ഒരു പാട്ടിലൊക്കെ ഞാന്‍ ഉണ്ടായിരുന്നു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Sibi Malayil And Ente Veed Appuvinteyum