| Thursday, 1st August 2024, 7:13 pm

ആ സിനിമയില്‍ സലീമേട്ടനെയും കാസ്റ്റ് ചെയ്തതാണ്; മിമിക്രിയില്‍ നിന്ന് വന്നത് കൊണ്ടുണ്ടായ ഗുണം: വിഷ്ണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റെയും എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് തിരക്കഥ എഴുതിയതും വിഷ്ണു ആയിരുന്നു.

തങ്ങള്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ആരാണ് ഓരോ ഡയലോഗുകളും പറയേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കുമെന്ന് പറയുകയാണ് നടന്‍. തങ്ങള്‍ക്ക് മിമിക്രിയുടെ പശ്ചാത്തലമുള്ളത് കൊണ്ട് ഒരാള്‍ എങ്ങനെയാകും ആ ഡയലോഗ് പറയുക എന്നതിന് കൃത്യമായ ഒരു ധാരണയുണ്ടാകുമെന്നും വിഷ്ണു പറയുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ സലീംകുമാറിന്റെ ഡയലോഗുകളും അങ്ങനെയായിരുന്നുവെന്നും അമര്‍ അക്ബര്‍ അന്തോണിയില്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നെന്നും നടന്‍ പറഞ്ഞു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.

‘അമര്‍ അക്ബര്‍ അന്തോണിക്കൊക്കെ വേണ്ടി സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍, ആ സമയത്ത് തന്നെ ഇത് ഏത് ആള്‍ പറയണമെന്ന് തീരുമാനിക്കുമായിരുന്നു. അതിന് അനുസരിച്ച് ഡയലോഗുകള്‍ അവരുടെ മീറ്റര്‍ ഒപ്പിച്ചാണ് എഴുതുക. ഞങ്ങള്‍ക്ക് മിമിക്രിയുടെ ബാക്ഗ്രൗണ്ടുണ്ട്. അങ്ങനെ ഉള്ളത് കൊണ്ട് അവര്‍ ആ ഡയലോഗ് എങ്ങനെയാകും ഡെലിവറി ചെയ്യുന്നതെന്ന് ഉള്ളതിന് നമ്മുക്ക് കൃത്യമായ ഒരു ധാരണയുണ്ടാകും. അവര്‍ എങ്ങനെയുള്ള മീറ്ററില്‍ പറഞ്ഞാലാണ് ആ ഹ്യൂമര്‍ നന്നായി ക്ലിക്ക് ആവുകയെന്ന ധാരണയും ഉണ്ടാകും. അത് വെച്ചിട്ടാണ് സലീമേട്ടന്റെ ഡയലോഗുകളൊക്കെ എഴുതിയിട്ടുള്ളത്.

അദ്ദേഹത്തിന്റെ ഡയലോഗ് എഴുതുമ്പോള്‍ ആ മീറ്റര്‍ വെച്ചിട്ടാണ് എഴുതിയത്. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ സലീമേട്ടന്‍ പറഞ്ഞ വലിയ ഡയലോഗുകള്‍ പോലും അങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ ആ ഡയലോഗുകളൊക്കെ സെറ്റായിരുന്നു. അന്ന് സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ ആളുകളൊക്കെ വലിയ ചിരിയായിരുന്നു. അത് ഞങ്ങള്‍ മിമിക്രിയില്‍ നിന്ന് വന്നത് കൊണ്ട് ഉണ്ടായ ഗുണമായിരുന്നു. അമര്‍ അക്ബര്‍ അന്തോണിയില്‍ സലീമേട്ടനെ പ്ലാന്‍ ചെയ്തിരുന്നു. പിന്നീട് ആ കഥാപാത്രമായിരുന്നു സാജു ചേട്ടന്‍ (സാജു നവോദയ) ചെയ്തത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Vishnu Unnikrishnan Talks About Salimkumar And Amar Akbar Anthony

Latest Stories

We use cookies to give you the best possible experience. Learn more