കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റെയും എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്.
ഇപ്പോള്‍ സലീംകുമാറിനെ കുറിച്ച് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തന്റെ ആദ്യ സിനിമ മുതല്‍ സലീംകുമാറിന്റെ കൂടെ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് വലിയ ആരാധനയാണെന്നും വിഷ്ണു പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അവസാനമിറങ്ങിയ ഇടിയന്‍ ചന്തു എന്ന സിനിമയില്‍ സലീംകുമാര്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം ശാരീരികമായ ചില അസ്വസ്ഥതകള്‍ നേരിടുന്ന സമയമായിരുന്നെന്നും വിഷ്ണു അഭിമുഖത്തില്‍ പറയുന്നു. അങ്ങനെയുള്ള സലീംകുമാറിനെ കണ്ട് വിഷമം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ മോണിറ്ററില്‍ കാണുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ടെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
‘എന്റെ ആദ്യ സിനിമ മുതല്‍ ഞാന്‍ സലീമേട്ടന്റെ കൂടെ അഭിനയിക്കുന്നുണ്ട്. എന്റെ വീട് അപ്പൂന്റേയും എന്ന സിനിമ മുതല്‍ തുടങ്ങിയതാണ് അത്. അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയാണ്. വലിയ ഇഷ്ടമാണ്. പ്രത്യേകമായ ഒരു സ്‌നേഹവുമുണ്ട്. അദ്ദേഹത്തിന് തിരിച്ച് നമ്മളോടും ആ സ്‌നേഹമുണ്ട്.
ഒരുപക്ഷെ ബഹുമാനം കൊണ്ട് അദ്ദേഹത്തോട് നമുക്ക് ഒരു ഡിസ്റ്റന്‍സ് ഫീല് ചെയ്‌തേക്കാം. പക്ഷെ അത് തോന്നാന്‍ സലീമേട്ടന്‍ സമ്മതിക്കില്ല. അത്രയും ചില്ലായിട്ടാണ് അദ്ദേഹം നമ്മളോട് നില്‍ക്കുക. നല്ല തമാശയൊക്കെ പറഞ്ഞ് അത്രയും കമ്പനിയാണ്.
ആ ഒരു വൈബാണ് എനിക്ക് എപ്പോഴും അദ്ദേഹത്തോട് തോന്നാറുള്ളത്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ ഒരുപാടുണ്ട്. ഫുള്‍ ടൈം ഹ്യൂമറുമായി നടക്കുന്ന നടനാണ് സലീമേട്ടന്‍. തമാശയിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാള്‍ കൂടെയാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ശാരീരികമായ ചില ചെറിയ അസ്വസ്ഥതകള്‍ അദ്ദേഹം നേരിടുന്നുണ്ട്.
എനിക്കാണെങ്കില്‍ സലീമേട്ടനെ അങ്ങനെ കാണുന്നത് വലിയ വിഷമമാണ്. ഇടിയന്‍ ചന്തു സിനിമയില്‍ അദ്ദേഹം വളരെ നല്ല റോളാണ് ചെയ്തിരിക്കുന്നത്. പൊലീസുകാരനായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. പക്ഷെ അതില്‍ വിഷമകരമായ ഒരു കാര്യമുണ്ട്.
സലീമേട്ടന്‍ ഷൂട്ടിന് വരിക ഒട്ടും വയ്യാതെയാണ്. ചുമക്കുന്നുണ്ടായിരുന്നു, ചുമക്കുമ്പോള്‍ ബുദ്ധിമുട്ടാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അങ്ങനെയുള്ള സലീമേട്ടനെ കണ്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ഷോട്ട് എടുക്കുമ്പോള്‍ ആ ഷോട്ടിലുള്ള സലീമേട്ടനെ മോണിറ്ററില്‍ കാണുമ്പോള്‍ ഹാപ്പിയാണ് ഞാന്‍,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Salimkumar