ആ ക്ലിപ്പ് ഇപ്പോഴും ഇന്‍സ്റ്റയിലൊക്കെ കറങ്ങിനടപ്പുണ്ട്; നേരത്തെ വന്നിരുന്നെങ്കില്‍ കുറേ സീനില്‍ എന്നെ ഉള്‍പ്പെടുത്താമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയിലൂടെയാണ് താരം സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയത്.
എന്നാല്‍ അതിന് മുമ്പ് വിഷ്ണു ഒരുപാട് സിനിമകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ചിത്രമായ മായാവിയിലും കാളിദാസ്-ജയറാം ചിത്രമായ എന്റെ വീട് അപ്പുവിന്റേയും സിനിമയില്‍ സലിം കുമാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു.
‘ഞാന്‍ ആദ്യം അഭിനയിച്ച സിനിമയിലും സലിം ചേട്ടനെ കളിയാക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്റെ വീട് അപ്പുവിന്റേയും സിനിമയില്‍. പുള്ളിയെ ഞാന്‍ സിനിമയില്‍ മൂങ്ങ ചേട്ടാ എന്നൊക്കെ വിളിക്കുന്നുണ്ട്.
അതിന്റെ ഒരു ക്ലിപ്പ് മാത്രമായിട്ട് ഇപ്പോള്‍ ഇന്‍സ്റ്റയിലൊക്കെ ഇങ്ങനെ കറങ്ങുന്നുണ്ട്. എനിക്ക് പലരും അത് അയച്ച് തരാറുമുണ്ട്. (ചിരി)
സലിം ചേട്ടനെ അങ്ങനെ മായാവിയുടെ മുമ്പ് തന്നെ അറിയാമായിരുന്നു. അവിടെ ഷോട്ട് എടുക്കാന്‍ നില്‍ക്കുമ്പോള്‍ ‘ആഹ് നീയോ’ എന്ന് പറഞ്ഞാണ് പുള്ളി ഷൂട്ട് ചെയ്യാന്‍ വന്ന് നിന്നത്.
ഒരു ഷോട്ട് മാത്രമായിരുന്നു മായാവി സിനിമയില്‍ ഉണ്ടായിരുന്നത്. അതും സലിം ചേട്ടനോട് ‘പോയി തരത്തില്‍ കളിക്ക്’ എന്ന് പറയുന്ന ഒരു സീന്‍.
ആ സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ സെറ്റില്‍ എല്ലാവരും ചിരിയായിരുന്നു. അപ്പോള്‍ ഞാന്‍ ഹാപ്പിയായി. പക്ഷേ പടം ഷൂട്ട് ചെയ്തു തീരാന്‍ ആയപ്പോള്‍ ആണ് ഞാന്‍ ആ പടത്തിലേക്ക് എത്തുന്നത്.
ഷാഫി സാറിന് എന്നെ ആ സീന്‍ അഭിനയിച്ചതോടെ വലിയ ഇഷ്ടമായിരുന്നു. താന്‍ നേരത്തെ വന്നിരുന്നെങ്കില്‍ വേറെയും കുറേ സീനില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് സാര്‍ പറഞ്ഞത്.
മറ്റൊരു പടത്തില്‍ നോക്കാമെന്നും സാര്‍ പറഞ്ഞു. പിന്നെ കുറേകാലം കഴിഞ്ഞ് അദ്ദേഹത്തിന്റെ സിനിമയില്‍ നായകനായി എനിക്ക് അഭിനയിക്കാന്‍ പറ്റി. അതില്‍ ഒരുപാട് സന്തോഷമുണ്ട്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Salim Kumar And Director Shafi