| Monday, 15th July 2024, 3:22 pm

പിള്ളേരെയും കയറ്റി ടോയ് കാറോടിക്കുന്ന ഇന്‍ട്രോ അന്ന് പൃഥ്വിരാജിന് നല്‍കില്ലായിരുന്നു: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ എന്നീ വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്. നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് ‘അമര്‍ അക്ബര്‍ അന്തോണി’.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. തങ്ങളെ നായകന്മാരായി കണ്ടായിരുന്നു ഇരുവരും ഈ സിനിമയുടെ തിരക്കഥ എഴുതിയത്. എന്നാല്‍ പിന്നീട് നായകന്മാരായി പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കൊണ്ടുവരികയായിരുന്നു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ എഴുതുമ്പോള്‍ ഞങ്ങളെ തന്നെയാണ് മനസില്‍ കണ്ടത്. ഞങ്ങള്‍ക്ക് വേണ്ടി എഴുതിയത് കൊണ്ടായിരുന്നു ആ കഥയിലെ കോമഡികള്‍ അങ്ങനെ ആയത്. എഴുതുന്ന സമയത്ത് ഒരിക്കലും പൃഥ്വിരാജിനെയോ ഇന്ദ്രജിത്തിനെയോ ജയസൂര്യയെയോ കുറിച്ച് ചിന്തിച്ചിട്ടില്ല. ബിബിനോ ഞാനോ പറയേണ്ടിയിരുന്ന കോമഡി ഡയലോഗ് നമ്മുടെ മീറ്ററിലാണ് പ്ലാന്‍ ചെയ്ത് എഴുതിയത്. ആ ഡയലോഗ് പൃഥ്വിരാജിനെ കൊണ്ട് പറയിപ്പിച്ചപ്പോഴാണ് ഫ്രഷായത്.

പൃഥ്വിരാജിനെ തന്നെ മനസില്‍ കണ്ടായിരുന്നു കഥ പ്ലാന്‍ ചെയ്തതെങ്കില്‍ ഒരിക്കലും അങ്ങനെ എഴുതില്ലായിരുന്നു. പൃഥ്വിരാജിന്റെ ഇന്‍ട്രഡക്ഷനില്‍ പിള്ളേരെയും കയറ്റി ഒരു ടോയ് കാര്‍ ഓടിക്കുന്ന ആളെന്ന് പറഞ്ഞ് കൊടുക്കില്ലായിരുന്നു. തുടക്കം തൊട്ട് പൃഥ്വിരാജിനെ വെച്ച് പ്ലാന്‍ ചെയ്യുകയായിരുന്നെങ്കില്‍ അങ്ങനെ എഴുതാന്‍ തോന്നില്ല. പക്ഷെ അത് വര്‍ക്കായി എന്നതിലാണ് കാര്യം,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Prithviraj Sukumaran’s Intro Scene In Amar Akbar Anthony

We use cookies to give you the best possible experience. Learn more