കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. വിഷ്ണുവും ബിബിന്‍ ജോര്‍ജും ഒന്നിച്ച് തിരകഥയൊരുക്കിയ സിനിമയായിരുന്നു ‘അമര്‍ അക്ബര്‍ അന്തോണി’.
നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് ഇത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ഒന്നിച്ചെത്തിയ ചിത്രം വന്‍ ഹിറ്റായിരുന്നു.
ഇപ്പോള്‍ ആ സിനിമയുടെ കഥ പറയാന്‍ പൃഥ്വിരാജിനെ കാണാന്‍ പോയ കാര്യത്തെ കുറിച്ച് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
പൃഥ്വിരാജിനോട് കഥ പറയാന്‍ പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ പലരും അദ്ദേഹത്തിന് ഭയങ്കര ജാഡയാകും എന്നാണ് പറഞ്ഞതെന്നും എന്നാല്‍ തന്നെ കണ്ടപ്പോള്‍ പൃഥ്വിരാജ് തന്നെ അറിയാമെന്ന് പറഞ്ഞെന്നും വിഷ്ണു പറഞ്ഞു.
‘ഞങ്ങളുടെ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് പറഞ്ഞാല്‍, ഓരോ ദിവസത്തേയും ഓര്‍മകള്‍ വിലപ്പെട്ടതാണ്. എനിക്ക് പറയാന്‍ ആഗ്രഹമുള്ള ഒരു കാര്യം പറയാം.
അമര്‍ അക്ബര്‍ അന്തോണിയുടെ കഥ പലരോടും പറഞ്ഞിട്ടുണ്ട്. രാജു ചേട്ടനോട് പറയാന്‍ പോകുന്ന കാര്യം കേട്ടതും എല്ലാവരും അദ്ദേഹത്തിന് ഭയങ്കര ജാഡയാകും എന്നാണ് പറഞ്ഞത്.
അഹങ്കാരി, ജാഡക്കാരന്‍ എന്നൊക്കെയല്ലേ പുള്ളിയെ എല്ലാവരും പറയുന്നത്. കഥ പറയാന്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ പുള്ളി എന്നോട് ‘ആഹ്, തന്നെ എനിക്ക് അറിയാടാ’ എന്നാണ് ആദ്യം പറഞ്ഞത്.
അപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഇതിനിടയില്‍ ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ പ്രൊഡ്യൂസര്‍ വരുമെന്നും കഥ കേള്‍ക്കുന്നതിന്റെ ഇടയില്‍ അവര്‍ വരുമ്പോള്‍ മാത്രം തനിക്ക് പത്ത് മിനിറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞു.
പിന്നെ വൈഫിനെ ഫോണില്‍ വിളിച്ച് ഒരു കഥ കേള്‍ക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ സൈലന്റ് ആക്കിയിട്ട് മാറ്റിവെച്ചു. അതുകഴിഞ്ഞ് പുള്ളി ശ്രദ്ധിച്ച് ആ കഥ മുഴുവന്‍ കേട്ടു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Prithviraj Sukumaran