'എന്നടാ, സൂപ്പര്‍ഹീറോ പടമാടാ ഇത്?' എന്ന് പറഞ്ഞ് മാസ്റ്റര്‍ തലക്ക് കൊട്ടി: പീറ്റര്‍ ഹെയ്‌നിനെ കുറിച്ച് വിഷ്ണു
Entertainment
'എന്നടാ, സൂപ്പര്‍ഹീറോ പടമാടാ ഇത്?' എന്ന് പറഞ്ഞ് മാസ്റ്റര്‍ തലക്ക് കൊട്ടി: പീറ്റര്‍ ഹെയ്‌നിനെ കുറിച്ച് വിഷ്ണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 7:26 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഇടിയന്‍ ചന്തു. ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌നാണ് ഫൈറ്റ് മാസ്റ്റര്‍. പുഷ്പ 2വിന്റെ ഷൂട്ട് പോലും മാറ്റിവെച്ച് മാസ്റ്റര്‍ ഇടിയന്‍ ചന്തുവിന് വേണ്ടി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പീറ്റര്‍ ഹെയ്‌നെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘പീറ്റര്‍ ഹെയ്ന്‍ മാസ്റ്ററാണ് ഈ സിനിമയില്‍ ആക്ഷന്‍ ഡയറക്ടറായി വന്നിട്ടുള്ളത്. അദ്ദേഹം നമ്മളോട് സീനിന്റെ ഓരോ പ്ലാനുകളും പറഞ്ഞു തന്നിരുന്നു. സ്റ്റൈലിഷായ ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല. എന്റെ മനസില്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ പുലിമുരുകനും ബാഹുബലിയും അന്യനും ഒക്കെയായിരുന്നു. ആ സിനിമയിലൊക്കെ ഒരു സ്റ്റൈലിങ്ങുണ്ട്. പക്ഷെ ഈ സിനിമയില്‍ അദ്ദേഹത്തിന്റെ സ്റ്റൈലിഷായ ഒരു പരിപാടിയുമില്ല.

വളരെ റോ ആയിട്ടുള്ള ആക്ഷനാണ് ഈ സിനിമയില്‍ ഉള്ളത്. ഒട്ടും പ്രിപ്പേര്‍ഡല്ലാത്ത ഫൈറ്റിന്റെ ഫീലായിരുന്നു അദ്ദേഹത്തിന് വേണ്ടത്. നമ്മള്‍ എവിടുന്നെങ്കിലും താഴേക്ക് ചാടിയാലും അതില്‍ ഒരു കമ്പോസ്ഡ് ഫീല്‍ ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന പിള്ളേരാണ്. അവര്‍ പെട്ടെന്ന് ഒരു നിവര്‍ത്തിയില്ലാതെ എന്തെങ്കിലും ചെയ്താല്‍ എങ്ങനെയുണ്ടാകും, അതാണ് മാസ്റ്ററിന് വേണ്ടത്. അത് ഇത്തിരി സ്‌റ്റൈലേസ്ഡായി പോയാല്‍ അദ്ദേഹം റീടേക്ക് പറയും.

അവിടെ അദ്ദേഹത്തിന്റെ അസിസ്റ്റന്‍സുണ്ടായിരുന്നു. സിനിമയില്‍ ഓടിന്റെ മുകളില്‍ നിന്ന് ചാടുന്ന ഒരു സീനുണ്ട്. എങ്ങനെയാണ് ഓടിന്റെ മുകളില്‍ നിന്ന് ചാടേണ്ടത് എന്ന് അസിസ്റ്റന്‍സ് കാണിച്ചു തരും. അയാള്‍ നിലത്ത് ലാന്‍ഡ് ചെയ്ത് നില്‍ക്കുമ്പോള്‍ മാസ്റ്റര്‍ വന്ന് തലക്ക് കൊട്ടും. ‘ഡാ അറിവ് കെട്ടവനേ, എന്നടാ സൂപ്പര്‍ഹീറോ പടമാടാ ഇത്? പ്ലസ് ടൂ പയ്യന്‍ടാ’ എന്ന് പറയും. ഒരു പ്ലസ് ടു പയ്യന്‍ ചാടിയാല്‍ എങ്ങനെയുണ്ടാകുമോ അതാണ് മാസ്റ്റര്‍ക്ക് വേണ്ടത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Peter Hein