Entertainment news
മമ്മൂക്കയുടെ പടത്തില്‍ പരിക്കേറ്റത് കാരണം ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചു: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 03, 03:10 pm
Sunday, 3rd December 2023, 8:40 pm

സ്ട്രീറ്റ്ലൈറ്റ്‌സ് സിനിമയുടെ ഷൂട്ടിനിടയില്‍ പരിക്ക് പറ്റിയതിനെ കുറിച്ചും അതുവഴി ദുല്‍ഖറിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞതിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.

‘സ്ട്രീറ്റ്ലൈറ്റ്‌സ് സിനിമയുടെ ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസം എന്റെ കയ്യില്‍ പരിക്ക് പറ്റി. ഹോസ്പിറ്റലില്‍ ചെന്ന് എക്സറേ എടുത്തു. ചെറിയ ഒടിവാണെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്.

ഞാന്‍ ഡോക്ടറോട് പ്ലാസ്റ്റര്‍ ഇടേണ്ടി വരുമോയെന്ന് ചോദിച്ചു. അപ്പോള്‍ ഡോക്ടര്‍ ‘പ്ലാസ്റ്ററോ, എന്തായാലും സ്റ്റീല്‍ ഇടേണ്ടി വരും’ എന്നാണ് മറുപടി പറഞ്ഞത്. കൈ ശരിയായി വരാന്‍ മൂന്നുമാസം സമയമെടുക്കുമെന്നും പറഞ്ഞു.

അതുകേട്ട് എനിക്ക് കരച്ചിലൊക്കെ വന്നു. നല്ല വേദനയുണ്ടായിരുന്നു, അതിന്റെ കൂട്ടത്തില്‍ ഇതും. ആ സിനിമയാണെങ്കില്‍ ഷൂട്ട് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.

ഷ്യാമേട്ടന്‍ (ഷ്യാംദത്ത്) ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു സ്ട്രീറ്റ്ലൈറ്റ്‌സ്. കട്ടപ്പനയുടെ ക്യാമറമാനായിരുന്നു ഷ്യാമേട്ടന്‍. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്യുന്നു, അഭിനയിക്കുന്നു. അതേ സിനിമയിലാണ് ഞാന്‍ അഭിനയിക്കേണ്ടത്.

എനിക്ക് ആകെ വിഷമമായി. വിവരമറിഞ്ഞ് മമ്മൂക്ക ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന പടം നിര്‍ത്തി വെച്ചിട്ട് എന്നെ കാണാന്‍ വന്നു. പോട്ടേ, സാരമില്ല. നമുക്ക് വേറെ എന്തെങ്കിലും നോക്കാമെന്ന് പറഞ്ഞ് മമ്മൂക്ക സമാധാനിപ്പിച്ചു.

ശരിക്കും പറഞ്ഞാല്‍ അപ്പോള്‍ വിഷമുണ്ടായിരുന്നെങ്കില്‍ പോലും എല്ലാം നല്ലതിനാണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഈ പരിക്ക് പറ്റിയത് നല്ലതിനായിരുന്നെന്ന് പിന്നീട് മനസിലായി. അന്ന് എന്റെ കൈയ്ക്ക് മൂവ്‌മെന്റ് ഉണ്ടായിരുന്നില്ല. റേഡിയല്‍ നെര്‍വ് വലിഞ്ഞു പോയിരുന്നു. അത് ശരിയാകാന്‍ സമയമെടുക്കുമെന്ന് പറഞ്ഞു.

അങ്ങനെയൊരിക്കല്‍ എന്നെ കാണാന്‍ വേണ്ടി ആന്റോ ചേട്ടന്‍ (പ്രൊഡ്യൂസര്‍ ആന്റോ ജോസഫ്) വീട്ടില്‍ വന്നപ്പോഴാണ് സംസാരത്തിന്റെ ഇടയില്‍ പുള്ളി ചെയ്യാനിരുന്ന ദുല്‍ഖര്‍ പടത്തിന്റെ സ്‌ക്രിപ്റ്റ് മാറിയെന്നും ഫൈനലായില്ലെന്നും പറയുന്നത്.

അപ്പോള്‍ ഞങ്ങള്‍ ദുല്‍ഖറിനെ വെച്ച് ഒരു സിനിമക്കുള്ള പ്ലോട്ട് പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. ആണോ, എങ്കില്‍ അത് പെട്ടെന്ന് എഴുതി തീര്‍ക്കാമെങ്കില്‍ സെപ്റ്റംബറില്‍ ഷൂട്ട് ചെയ്യാമെന്ന് ആന്റോ ചേട്ടന്‍ പറഞ്ഞു.

അപ്പോള്‍ തന്നെ ഞാന്‍ ബിബിനിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ ചെയ്ത സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. എനിക്ക് അന്ന് അങ്ങനെ സംഭവിച്ചത് കൊണ്ട് ഞങ്ങള്‍ക്ക് ദുല്‍ഖറിനെ വെച്ച് ഒരു പടം ചെയ്യാന്‍ പറ്റി,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Oru Yamandan Premakadha And Dulquer Salman