| Thursday, 18th July 2024, 9:30 pm

ലാലേട്ടനെ വെച്ച് ഹ്യൂമറും മാസുമുള്ള സിനിമ; ഹലോ പോലെയൊന്ന്..: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റെയും എന്ന മലയാള സിനിമയിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ പിന്നീട് നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ബിബിന്‍ ജോര്‍ജിനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് തിരക്കഥ എഴുതിയതും വിഷ്ണു ആയിരുന്നു.

എന്നെങ്കിലും മോഹന്‍ലാലിന് വേണ്ടിയുള്ള സിനിമക്ക് കഥ എഴുതുമ്പോള്‍ അത് ഏത് ഴോണറില്‍ ഉള്ളതാകും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇടിയന്‍ ചന്തുവിന്റെ ഭാഗമായി സില്ലിമോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ലാലേട്ടനെ വെച്ച് കുറച്ച് ഫണ്ണൊക്കെയുള്ള സിനിമയാണ് താത്പര്യം. അതായത് ഹ്യൂമറും മാസുമുള്ള സിനിമയാകും. അതാണ് എന്റെ മനസില്‍. ഹലോയൊക്കെ പോലെയുള്ള സിനിമയാകും,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബിബിന്‍ ജോര്‍ജിനൊപ്പം എന്നെങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അടുത്ത് കഥ പറയാന്‍ പോയിട്ടുണ്ടോ എന്ന ചോദ്യത്തിനും വിഷ്ണു മറുപടി നല്‍കി. താന്‍ കഥ പറയാനായി മമ്മൂട്ടിയുടെ അടുത്ത് പോയിട്ടേയില്ല എന്നാണ് താരം പറയുന്നത്. എന്നാല്‍ യമണ്ടന്‍ പ്രേമകഥയുടെ സ്‌ക്രിപ്റ്റ് അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിച്ചിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു.

‘ഞാന്‍ കഥ പറയാനായി മമ്മൂക്കയുടെ അടുത്ത് പോയിട്ടേയില്ല. യമണ്ടന്‍ പ്രേമകഥയുടെ സ്‌ക്രിപ്റ്റ് ഞാന്‍ അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിച്ചിട്ടുണ്ട്. അന്ന് ഞാനും ബിബിനും ചേര്‍ന്നായിരുന്നു പോയത്. അന്ന് ഞാന്‍ യമണ്ടന്‍ പ്രേമകഥയുടെ സ്‌ക്രിപ്റ്റ് അദ്ദേഹത്തെ വായിച്ച് കേള്‍പ്പിക്കുകയായിരുന്നു. ലാലേട്ടനുമായി എന്റെ സിനിമയുണ്ടെന്ന് ആളുകള്‍ വെറുതെ പറയുകയാണ്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ നമ്മള്‍ ആഗ്രഹിക്കുന്നുണ്ട്. അതല്ലാതെ അദ്ദേഹത്തോടൊപ്പമുള്ള സിനിമയൊന്നും ഇല്ല,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Mohanlal Movie

We use cookies to give you the best possible experience. Learn more