‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ സമയത്ത് കയ്യില്‍ പരിക്ക് പറ്റി സര്‍ജറി ചെയ്യേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് താരം. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.
‘ഞാന്‍ വളരെ പോസിറ്റീവായിട്ട് ചിന്തിക്കുന്ന ആളാണ്. എന്റെ കൈ ഒടിഞ്ഞാല്‍ പോലും ഞാന്‍ വളരെ പോസിറ്റീവ് ആയാണ് അതിനെ എടുക്കാറുള്ളത്. അതിനൊക്കെ ഒരുപാട് വശങ്ങളുണ്ട്.
ഞങ്ങള്‍ ഒന്നുരണ്ട് മാസത്തെ എല്ലാ കാര്യങ്ങളും ചാര്‍ട്ട് ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. ഏത് തീയതിയില്‍ അമേരിക്കക്ക് പോകണമെന്നും, എപ്പോള്‍ തിരിച്ചു വന്ന് അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യണമെന്ന് ഉള്‍പ്പെടെ തീരുമാനിച്ചിരുന്നു.
അമേരിക്കക്ക് പോകാനുള്ള വിസ ഇന്റര്‍വ്യൂ ഉള്‍പ്പെടെ കഴിഞ്ഞു. സിനിമയുടെ ഷൂട്ട് തുടങ്ങി. അമേരിക്കക്ക് പോകാനുള്ളതിന്റെ മുന്‍പ് ഷൂട്ട് തീര്‍ക്കണമെന്നൊക്ക പ്ലാന്‍ ചെയ്ത് നില്‍ക്കുമ്പോഴാണ്. രണ്ടാമത്തെ ദിവസം എന്റെ കയ്യില്‍ പരിക്ക് പറ്റുന്നത്.
നല്ല വേദനയും എല്ല് ഒടിയുന്ന ശബ്ദവുമുണ്ടായിരുന്നു. പണ്ട് ‘അസുരവിത്ത്’ സിനിമയുടെ സമയത്ത് ആസിഫിക്കക്ക് ഇതുപോലെ പരിക്ക് പറ്റിയിരുന്നു. അന്ന് പിറ്റേന്ന് പുള്ളി കയ്യില്‍ കെട്ടുമായിട്ടാണ് തിരിച്ചെത്തിയത്.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും ഷൂട്ട് തുടങ്ങുകയും ചെയ്തു. അതുപോലെ തന്നെയാകും എനിക്കുമുണ്ടാകുള്ളൂ എന്നാണ് ഞാന്‍ കരുതിയത്. ഹോസ്പിറ്റലില്‍ ചെന്ന് എക്‌സറേ എടുത്തു.
അത് കട്ടപ്പന സിനിമയിറങ്ങി നൂറു ദിവസമായി നില്‍ക്കുന്ന സമയമാണ്. എനിക്ക് ചെറിയ ഒടിവാണെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. എനിക്ക് അത് കേട്ടപ്പോഴാണ് സമാധാനമായത്.
ഞാന്‍ ഡോക്ടറോട് പ്ലാസ്റ്റര്‍ ഇടേണ്ടി വരുമോയെന്ന് ചോദിച്ചു. അപ്പോള്‍ ഡോക്ടര്‍ ‘പ്ലാസ്റ്ററോ, എന്തായാലും സ്റ്റീല്‍ ഇടേണ്ടി വരും’ എന്നാണ് മറുപടി പറഞ്ഞത്. കൈ ശരിയായി വരാന്‍ മൂന്നുമാസം സമയമെടുക്കുമെന്നും പറഞ്ഞു.
അതുകേട്ട് എനിക്ക് കരച്ചിലൊക്കെ വന്നു. നല്ല വേദനയുണ്ടായിരുന്നു, അതിന്റെ കൂട്ടത്തില്‍ ഇതും. ആ സിനിമയാണെങ്കില്‍ ഷൂട്ട് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
ഷ്യാമേട്ടന്‍ (ഷ്യാംദത്ത്) ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു സ്ട്രീറ്റ്‌ലൈറ്റ്സ്. കട്ടപ്പനയുടെ ക്യാമറമാനായിരുന്നു ഷ്യാമേട്ടന്‍. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്യുന്നു, അഭിനയിക്കുന്നു. അതേ സിനിമയിലാണ് ഞാന്‍ അഭിനയിക്കേണ്ടത്.
എനിക്ക് ആകെ വിഷമമായി. ഷ്യാമേട്ടന്‍ കാര്യമറിഞ്ഞ് ഹോസ്പിറ്റലിലേക്ക് ഓടിവന്നു. അപ്പോള്‍ അവിടുന്ന് സര്‍ജറി ചെയ്യില്ലെന്ന് പറഞ്ഞിട്ട് ആ ഹോസ്പിറ്റലില്‍ നിന്നും അടുത്ത ഹോസ്പിറ്റലിലേക്ക് പോകുകയാണ് ഞാന്‍.
ഈ സിനിമ നടക്കില്ലല്ലോ എന്നോര്‍ത്ത് സങ്കടപെട്ട് എന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഇങ്ങനെ ഒഴുകുകയാണ്. ഷ്യാമേട്ടന്‍ എന്നെ കുറേ സമാധാനിപ്പിച്ചു. പിന്നെ കൈയുടെ സര്‍ജറി ചെയ്തു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
Content Highlight: Vishnu Unnikrishnan Talks About Mammootty’s Streetlights Movie