2016ല്‍ നാദിര്‍ഷായുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലൂടെ നായകനായി വെള്ളിത്തിരയിലെത്തിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമക്ക് മുമ്പ് തന്നെ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വിഷ്ണു. അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാന്‍, കലാഭവന്‍ മണി, നിത്യ മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, രമ്യ നമ്പീശന്‍, പത്മപ്രിയ എന്നിവര്‍ അതിഥിതാരങ്ങളെയും എത്തിയിരുന്നു.
ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ ചെറുപ്പകാലം അഭിനയിച്ചത് വിഷ്ണുവാണ്. സിനിമയിലെ തന്റെ പ്രകടനം കണ്ട കലാഭവന്‍ മണി തന്നെ പ്രത്യേകം അഭിനന്ദിച്ചെന്നും അതിന് ശേഷം അദ്ദേഹത്തിന് തന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നുവെന്നും ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘കണ്ണിനും കണ്ണാടിക്കും എന്ന സിനിമയില്‍ ഞാന്‍ കലാഭവന്‍ മണിച്ചേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ മണിച്ചേട്ടന്റെ ചെറുപ്പകാലം അഭിനയിച്ചതും ഞാനായിരുന്നു.
പറങ്കിമല എന്ന സിനിമയില്‍ വീണ്ടും മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാന്‍ പോയപ്പോള്‍ സെറ്റില്‍ വെച്ച് എന്നെ കണ്ട ഉടനെ മണിചേട്ടന്‍ അടുത്ത് വിളിച്ച് ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ചെറുപ്പം നന്നായി ചെയ്തെന്ന് പറഞ്ഞു.
എനിക്കത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായി. അതിന് ശേഷം എന്നോട് വല്ലാത്ത വാത്സല്യമായിരുന്നു അദ്ദേഹത്തിന്. നമുക്കങ്ങോട്ട് തിരിച്ചും സ്‌നേഹവും ബഹുമാനവുമായിരുന്നു മണിച്ചേട്ടനോട്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
Content Highlight: Vishnu Unnikrishnan talks about Kalabhavan Mani