|

അതിനുശേഷം മണി ചേട്ടന്റെ വണ്ടിയിലായി യാത്ര; ആ നോട്ടത്തില്‍ നിന്ന് എനിക്ക് കാര്യം മനസിലായി: വിഷ്ണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റേം എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് തിരക്കഥ എഴുതിയതും വിഷ്ണു ആയിരുന്നു.

ഇപ്പോള്‍ എന്റെ വീട് അപ്പൂന്റേം എന്ന സിനിമക്ക് ശേഷം കണ്ണിനും കണ്ണാടിക്കും എന്ന സുന്ദര്‍ദാസ് ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കലാഭവന്‍ മണിയായിരുന്നു ഈ സിനിമയില്‍ നായകനായത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമക്ക് ശേഷം അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയ തോമസ് സെബാസ്റ്റിയന്‍ അദ്ദേഹത്തിന്റെ പടത്തിലേക്ക് എന്നെ വിളിച്ചു. കണ്ണിനും കണ്ണാടിക്കും എന്ന സുന്ദര്‍ദാസ് ചിത്രത്തിലേക്കായിരുന്നു അന്ന് എന്നെ വിളിച്ചത്.

പൂജയുടെ ദിവസമായിരുന്നു ഞാന്‍ ആദ്യമായി ആ ലോക്കേഷനിലേക്ക് പോകുന്നത്. മണി ചേട്ടനും അവിടെ ഉണ്ടായിരുന്നു. അന്ന് ആരോ എന്നെ മണി ചേട്ടന് പരിചയപ്പെടുത്തി കൊടുത്തു. അപ്പോള്‍ അദ്ദേഹം എന്നെ കാര്യമായി നോക്കി.

എന്നെ കുറിച്ച് അദ്ദേഹത്തോട് എന്തോ പറഞ്ഞ് നല്ല ബില്‍ഡപ്പ് കൊടുത്തിട്ടുണ്ടെന്ന് എനിക്ക് ആ നോട്ടത്തില്‍ നിന്ന് തന്നെ മനസിലായി. അവിടെ വെച്ച് എന്നെ കൊണ്ട് മിമിക്രി ചെയ്യിപ്പിച്ചു. പിന്നെ മണി ചേട്ടനും എന്നെ വലിയ കാര്യമായി.

പിന്നെ റൂമിലേക്കൊക്കെ പോകുമ്പോള്‍ മണി ചേട്ടന്റെ വണ്ടിയിലൊക്കെയായി യാത്ര. അതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. ആ സിനിമക്ക് ശേഷം എനിക്ക് രാപ്പകല്‍ എന്ന സിനിമയില്‍ അവസരം ലഭിച്ചു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Vishnu Unnikrishnan Talks About Kalabhavan Mani