| Tuesday, 5th December 2023, 10:07 pm

അമര്‍ അക്ബര്‍ അന്തോണിയുടെ കഥ പറയുമ്പോള്‍ ഫസ്റ്റ് ഹാഫായതും ജയേട്ടന്‍ എഴുന്നേറ്റുപോയി: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നീ വന്‍താര നിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു.

ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യയോട് കഥ പറയാന്‍ പോയപ്പോളുണ്ടായ രസകരമായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരില്‍ തങ്ങള്‍ ആദ്യം കഥ പറയുന്നത് ജയസൂര്യയോടായിരുന്നെന്നും കഥ പറഞ്ഞ് ഫസ്റ്റ് ഹാഫ് ആയതും ജയസൂര്യ പെട്ടെന്ന് എഴുന്നേറ്റ് അകത്തേക്ക് പോയെന്നും താരം പറഞ്ഞു.

പിന്നീട് കഥ കേട്ടുകഴിഞ്ഞപ്പോള്‍ അതില്‍ ഏത് റോളും ചെയ്യാന്‍ ജയസൂര്യ തയ്യാറായിരുന്നെന്നും തങ്ങളാണ് അക്ബറിന്റെ കഥാപാത്രം ചെയ്യാന്‍ അദ്ദേഹത്തോട് പറഞ്ഞതെന്നും വിഷ്ണു പറയുന്നു. തങ്ങളുടെ മനസില്‍ ആ കഥാപാത്രം ചെയ്യാന്‍ കഴിയുന്നത് ജയസൂര്യക്കായിരുന്നു എന്നും താരം കൂട്ടിചേര്‍ത്തു.

‘അമര്‍ അക്ബര്‍ അന്തോണിക്ക് വേണ്ടി ആദ്യം കഥ പറയുന്നത് ജയേട്ടനോടായിരുന്നു. അതായത് അതിലെ ഈ മൂന്ന് നായകന്മാരില്‍ ആദ്യം പറയുന്നത്. അതല്ലാതെ മറ്റു പലരോടും കഥ പറഞ്ഞിട്ടുണ്ട്.

ജയേട്ടനോട് കഥ പറഞ്ഞ് ഫസ്റ്റ് ഹാഫ് ആയതും ചേട്ടന്‍ എഴുന്നേറ്റ് അകത്തേക്ക് പോയി. അതുകണ്ടതും, ദൈവമേ ഇനി ചേട്ടന്‍ ബാക്കി കേള്‍ക്കണ്ടെന്ന് പറയുമോയെന്ന് പോലും ഞങ്ങള്‍ പേടിച്ചു.

രാത്രിയായിരുന്നു ഞങ്ങള്‍ കഥ പറയാന്‍ പോയത്. എന്നാല്‍ പുള്ളി കുറച്ച് കഴിഞ്ഞിട്ട് തിരിച്ചു വന്ന് ‘ഞാന്‍ ഭക്ഷണം റെഡിയാക്കാന്‍ പറയാന്‍ പോയതായിരുന്നു, എന്തായാലും കഥ പറഞ്ഞു തീരുമ്പോള്‍ കുറേ സമയമാകില്ലേ. ഇനി എന്തായാലും ബാക്കി പറയ്’ എന്ന് പറഞ്ഞു.

ആള് വളരെ ഇന്‍ട്രസ്റ്റോടെയാണ് കഥ കേട്ടത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അതില്‍ ഏത് റോളും ചെയ്യാന്‍ ജയേട്ടന്‍ തയ്യാറായിരുന്നു. അപ്പോള്‍ നമ്മളാണ് അക്ബറിന്റെ കഥാപാത്രം ചെയ്യാന്‍ പറഞ്ഞത്. ഞങ്ങളുടെ മനസില്‍ ആ കഥാപാത്രം ചെയ്യാന്‍ കഴിയുന്നത് ജയേട്ടനായിരുന്നു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Jayasurya

We use cookies to give you the best possible experience. Learn more