Advertisement
Movie Day
കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത് അത് തുടങ്ങിയ ലോകത്തിലെ ആദ്യ വ്യക്തി ഞാനാണ്: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 19, 07:10 am
Monday, 19th August 2024, 12:40 pm

അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയിലെ തിരക്കഥാകൃത്തും നായകനടനും വിഷ്ണുവാണ്. വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായും വിഷ്ണു മാറി. വിഷ്ണു ഉണ്ണികൃഷ്ണന്‍ നിര്‍മിച്ച ആദ്യ സിനിമയാണ് ഇടിയന്‍ ചന്തു. ചിത്രത്തില്‍ ഇടിയന്‍ ചന്തുവായി എത്തിയതും വിഷ്ണു ഉണ്ണികൃഷ്ണനാണ്.

കലോത്സവ വേദികളില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് വിഷ്ണു കലാരംഗത്തേക്ക് കടന്നു വരുന്നത്. ഈ മേഖലയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ താരം സ്വന്തമായി മിമിക്‌സ് ട്രൂപ്പ് തുടങ്ങുകയും നിരവധി സ്റ്റേജ് പ്രോഗ്രാം നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യമായി മിമിക്‌സ് ട്രൂപ്പ് തുടങ്ങിയത് കുടുംബശ്രീയില്‍ നിന്നും ലോണ്‍ എടുത്തിട്ടാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും എന്റെ സുഹൃത്തും കൂടി ഒരു മിമിക്‌സ് ട്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. എന്റെ കയ്യില്‍ കാശില്ലായിരുന്നു. അതുകൊണ്ട് കുടുംബശ്രീയില്‍ നിന്നും സ്വയംതൊഴില്‍ തുടങ്ങുന്നതിനുള്ള ലോണ്‍ എടുത്തു. എന്താണ് സ്വയംതൊഴില്‍ എന്ന് ചോദിച്ചപ്പോള്‍ മിമിക്രി ട്രൂപ്പാണെന്ന് പറഞ്ഞു.

അവര്‍ക്ക് ആദ്യം കൗതുകവും ചെറിയ സംശയവുമൊക്കെ ഉണ്ടായിരുന്നു. ശരിയായ നടപടി ആയിരിക്കുമോ എന്നെല്ലാം അവര്‍ ചോദിച്ചു. പിന്നെ അവര്‍ ലോണ്‍ തന്നു. കൃത്യമായി കാശൊക്കെ തിരിച്ചടച്ചു. പ്രോഗ്രാം ചെയ്ത് തന്നെ ആയിരുന്നു അതിനുള്ള കാശെല്ലാം ഉണ്ടാക്കിയത്.

പിന്നെ പ്രൊജക്ടര്‍ വാങ്ങിച്ചു, കര്‍ട്ടന്‍ വാങ്ങിച്ചു, പ്രോഗ്രാമിന് വേണ്ട മിക്ക സാധനങ്ങളും ഞങ്ങള്‍ പ്രോഗ്രാം ചെയ്ത് കിട്ടുന്ന പൈസകൊണ്ട് തന്നെ വാങ്ങിച്ചു. കൊച്ചിന്‍ ഹോളിവുഡ് എന്നായിരുന്നു ട്രൂപ്പിന്റെ പേര്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlight: Vishnu Unnikrishnan talks about his first Mimics troop