| Sunday, 10th December 2023, 6:23 pm

ഇക്ക അന്ന് സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റുകളുടെ കൂടെ നിന്ന എന്റെയടുത്തേക്ക് ഓടിവന്ന് ഡയലോഗ് പറയില്ലേയെന്ന് ചോദിച്ചു: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയിലൂടെയാണ് താരം സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയത്.

എന്നാല്‍ ബാലതാരമായാണ് വിഷ്ണു സിനിമയിലെത്തിയത്. കാളിദാസ് ജയറാമിന്റെ ചിത്രമായ എന്റെ വീട് അപ്പുവിന്റേയും എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയില്‍ എത്തപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘ഞാന്‍ എന്തും ചെയ്യാമെന്നുള്ള ചിന്തയിലാണ് ലൊക്കേഷനില്‍ പോയത്. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ നിഷാന്തിക്ക ആയിരുന്നു. ഇക്ക വഴിയാണ് ഞാന്‍ അവിടെ എത്തുന്നത്.

പക്ഷേ ആ കഥാപാത്രത്തിന് വേണ്ടി അവര്‍ വേറെ ഒരാളെ കണ്ടു വെച്ചിരുന്നു. എങ്കിലും എന്നെയും അവരുടെ കൂട്ടത്തില്‍ നിര്‍ത്തി. എന്തെങ്കിലും ഡയലോഗ് കിട്ടിയാലോ എന്ന് പറഞ്ഞാണ് ഇക്ക അവിടെ നിര്‍ത്തിയത്.

ജുവനൈയില്‍ ഹോമിലെ പിള്ളേരായിട്ട് കുറേ ആളുകളെ വേണമായിരുന്നു. സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റുകളായിട്ട് കുറേ പേരെ നിര്‍ത്തിയിരുന്നു. എല്ലാവരുടെയും മുടി ട്രിമ്മ് ചെയ്തു.

കൂട്ടത്തില്‍ എന്റെ മുടിയും ട്രിമ്മ് ചെയ്തിട്ട് കറക്റ്റ് ജയില്‍ പുള്ളിയെ പോലെയാക്കി. ഇതിനിടയില്‍ ഡയലോഗ് പറയാന്‍ ഒരാളെ വേണമെന്നായപ്പോള്‍ അസോസിയേറ്റ് വന്നിട്ട് ആരാ ഇതില്‍ ഡയലോഗ് പറയുന്നതെന്ന് ചോദിച്ചു.

അപ്പോഴേക്കും ഇക്ക എന്റെ അടുത്തേക്ക് ഓടി വന്ന് ചോദിച്ചത് നീ പറയില്ലേ എന്നായിരുന്നു. ഞാന്‍ ഉടനെ സമ്മതിച്ചു. അപ്പോള്‍ ഉടനെ ഇക്ക ‘സാര്‍ ഇവന്‍ പറയും’ എന്ന് പറഞ്ഞു. അങ്ങനെയാണ് എനിക്ക് ആ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന റോള്‍ കിട്ടുന്നത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.


Content Highlight: Vishnu Unnikrishnan Talks About Ente Veedu Appuvinteyum Movie

We use cookies to give you the best possible experience. Learn more