|

അന്ന് എന്നെ ഹീറോയാക്കി ദുല്‍ഖര്‍ ഒരു സിനിമ ചെയ്യുമെന്ന് പറഞ്ഞു; ഇടക്ക് അദ്ദേഹത്തിന് മെസേജ് അയക്കാന്‍ തോന്നാറുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥയൊരുക്കി ബിസി നൗഫല്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ദുല്‍ഖര്‍ സല്‍മാന്‍, നിഖില വിമല്‍, സംയുക്ത മേനോന്‍, സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഒരു അഭിമുഖത്തില്‍ തന്റെ ഡെന്നീസ് സെബാസ്റ്റ്യനെന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഡെന്നീസിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുമെന്നുപോലും ദുല്‍ഖര്‍ പറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.

‘ഞാനും ദുല്‍ഖറും ഒരിക്കല്‍ ഒരു റേഡിയോയുടെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയായിരുന്നു. അന്ന് അവിടെ വെച്ച് അവര്‍ ദുല്‍ഖറിനോട് ഒരു യമണ്ടന്‍ പ്രേമകഥയില്‍ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഏതാണെന്ന് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് എന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു. അവിടെ വെച്ച് എന്റെ ആ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുമെന്നുപോലും പുള്ളി പറഞ്ഞു. അദ്ദേഹത്തിന് എന്റെ ആ കഥാപാത്രത്തെ ഒരുപാട് ഇഷ്ടമാണ്. ഒരു യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിങ്ങിന്റെ ഇടയില്‍ ആണെങ്കില്‍ ദുല്‍ഖര്‍ ഹോ അവന്‍ മെതേഡ് ആക്ടിങ് തുടങ്ങിയെന്ന് ഇടയ്ക്കിടെ പറയാറുണ്ട്.

പിന്നെ നമുക്ക് എപ്പോഴും ദുല്‍ഖറിനോട് സംസാരിക്കാനും മെസേജ് അയക്കാനുമൊക്കെ തോന്നുമെങ്കിലും അദ്ദേഹം നില്‍ക്കുന്നത് വേറെ ഒരു നിലയിലാണ്. ഇന്ന് ആളൊരു സൂപ്പര്‍ സ്റ്റാറാണല്ലോ. ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറുമാണ്. അതിന്റേതായ തിരക്കും കാര്യങ്ങളുമൊക്കെ ഉണ്ടാകും. ഇടക്ക് പടം കണ്ടാല്‍ ഞാന്‍ അങ്ങോട്ട് മെസേജ് അയക്കാറുണ്ട്. അപ്പോള്‍ തന്നെ മറുപടിയും തരാറുണ്ട്. അത് മിസ് യൂസ് ചെയ്യാതെ ഇരിക്കണം എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Dulquer

Video Stories