|

എന്റെ രൂപംവെച്ചവര്‍ ഞാനാണ് കള്ളനെന്ന് പറഞ്ഞു; ബോഡി ഷേമിങ്ങിന്റെ അങ്ങേയറ്റമായിരുന്നു അത്: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ സ്വപ്രയത്‌നം കൊണ്ട് തന്റെതായ സ്ഥാനം ഉറപ്പിച്ച യുവനടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്ക് വന്ന അദ്ദേഹം ഇന്ന് മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളിലൂടെ സഹരചയിതാവായും വിഷ്ണു ഉണ്ണികൃഷ്ണന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്ക് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. പണ്ട് കലോത്സവം കഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങവേ ഒരാളുടെ പേഴ്സ് കാണാതായെന്നും അത് എടുത്തത് താനാണെന്നും അവര്‍ പറഞ്ഞെന്ന് വിഷ്ണു പറയുന്നു. തന്റെ രൂപം കണ്ടാണവര്‍ തന്നെ കള്ളനായി അനുമാനിച്ചതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

‘കലോത്സവം കഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. മിമിക്രിക്ക് എനിക്കായിരുന്നു ഫസ്റ്റ്. ട്രെയിനില്‍ ആണെങ്കില്‍ വല്ലാത്ത തിരക്കും. നില്‍ക്കാന്‍ പോലും സ്ഥലമില്ലായിരുന്നു. എന്റെ കൂടെ സാറും കോല്‍കളിയുടെ പിള്ളേരും എന്റെ സുഹൃത്തുമൊക്കെ ഉണ്ടായിരുന്നു. അവരെല്ലാം മുന്നോട്ട് പോയി. ഞാനും എന്റെ സുഹൃത്തും മാത്രം ഡോറിന്റെ അവിടെ നില്‍ക്കുകയായിരുന്നു.

ആ തിരക്കിന്റെ ഇടയിലും അടുത്തുനിന്ന ചേട്ടനോട് മിമിക്രിയില്‍ എനിക്ക് ഫസ്റ്റ് കിട്ടിയ വിവരമെല്ലാം പറഞ്ഞു. ആ ചേട്ടന്‍ കൊള്ളാമലോ മിടുക്കനാണല്ലോ എന്നൊക്കെ പറഞ്ഞു. ഇതിന്റെ ഇടയില്‍ കൂടെ ഒരു അപ്പൂപ്പന്‍ ബാത്‌റൂമിലേക്ക് തിക്കിഞെരുക്കി പോയി തിരിച്ചു വന്നു. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ പുള്ളി തന്റെ പേഴ്സ് കാണാനില്ലെന്നും പറഞ്ഞ് ബഹളം വെക്കാന്‍ തുടങ്ങി.

ആരാണാവോ എടുത്തതെന്ന് ആലോചിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അയാള്‍ എല്ലാവരുടെയും മുഖത്ത് നോക്കിയതിന് ശേഷം എന്നെ ചൂണ്ടിയിട്ട് ഇവനാണ് പേഴ്സ് എടുത്തതെന്ന് പറഞ്ഞു. ബോഡി ഷേമിങ്ങിന്റെ അങ്ങേ അറ്റം ആയിരുന്നു അപ്പോള്‍. ആ അപ്പുപ്പന്‍ എന്റെ രൂപം കണ്ട് ഞാന്‍ ഒരു കള്ളന്‍ ആണെന്ന് അങ്ങ് പറഞ്ഞു.

എന്നെ കണ്ടിട്ട് പുള്ളി കണ്‍ഫോം ചെയ്തു, ഇവന്‍ തന്നെയാണ് കള്ളനെന്ന്. അത്രയും നേരം എന്റെ തോളത്ത് കൈയ്യിട്ട് നിന്നിരുന്ന ചേട്ടന്‍ വേഗം കോളറില്‍ കേറി പിടിച്ച് പേഴ്സ് എടുക്കാന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ആ അപ്പൂപ്പന്, അദ്ദേഹം ഇരിക്കുന്ന സീറ്റിന്റെ അടിയില്‍ നിന്ന് പേഴ്സ് കിട്ടി,’വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlight: Vishnu Unnikrishnan Talks about body shaming

Latest Stories