ആ ടൊവിനോ ചിത്രം കഴിഞ്ഞാല്‍ മാത്രമേ അമര്‍ അക്ബര്‍ അന്തോണി 2വില്‍ തീരുമാനമാകുകയുള്ളു: വിഷ്ണു
Entertainment
ആ ടൊവിനോ ചിത്രം കഴിഞ്ഞാല്‍ മാത്രമേ അമര്‍ അക്ബര്‍ അന്തോണി 2വില്‍ തീരുമാനമാകുകയുള്ളു: വിഷ്ണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 8:31 pm

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ എന്നീ വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്. നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് പലരും. അമര്‍ അക്ബര്‍ അന്തോണി2 വരുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.

അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം വരുന്നുണ്ടോ? അതിനുള്ള കഥയുണ്ടോ? നാദിര്‍ഷ അതിന് സമ്മതം മൂളിയിട്ടുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഭാഗത്തിനുള്ള ഒരു കഥയുണ്ടെന്നും നാദിര്‍ഷക്ക് ആ കഥ ഇഷ്ടമായെന്നും താരം പറഞ്ഞു. അതിന്റെ പ്രൊഡ്യൂസേഴ്‌സ് യു.ജി.എമ്മും ആല്‍വിന്‍ ആന്റണിയുമാണെന്നും ടൊവിനോ തോമസ് നായകനായ യു.ജി.എമ്മിന്റെ എ.ആര്‍.എം എന്ന സിനിമ കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ തീരുമാനമാകുകയുള്ളുവെന്നും വിഷ്ണു പറയുന്നു.

‘അമര്‍ അക്ബര്‍ അന്തോണിയുടെ അടുത്ത ഭാഗത്തിനുള്ള ഒരു കഥയുണ്ട്. നാദിര്‍ഷിക്കയോട് പറഞ്ഞപ്പോള്‍ ഇക്കക്ക് ആ കഥ ഇഷ്ടമായി. അതിന്റെ പ്രൊഡ്യൂസേഴ്‌സ് യു.ജി.എമ്മും ആല്‍വിന്‍ ആന്റണി ചേട്ടനുമാണ്. യു.ജി.എമ്മിന്റെ വലിയ ഒരു പടം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എ.ആര്‍.എം ആണ് ആ സിനിമ. ആ സിനിമ കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ തീരുമാനമാകുകയുള്ളു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു കാമിയോ റോളില്‍ ആസിഫ് അലിയും എത്തിയിരുന്നു. ആസിഫിന്റെ കഥാപാത്രത്തിന് വരാനിരിക്കുന്ന ഭാഗത്തില്‍ കുറച്ച് കൂടെ വലിപ്പമുണ്ടാകും എന്ന് കേട്ടത് സത്യമാണോ എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി. അതൊക്കെ ആരാണ് പറഞ്ഞതെന്ന ചോദിച്ച വിഷ്ണു സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചൊന്നും നമ്മള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മറുപടി പറയുന്നു.


Content Highlight: Vishnu Unnikrishnan Talks About Amar Akbar Anthony2