|

അമര്‍ അക്ബര്‍ അന്തോണി 2; ഷാഫി സാറിന് വേണ്ടിയെഴുതിയ കഥയായിരുന്നു അത്: വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ഒന്നിച്ചെത്തിയ സിനിമ വന്‍ ഹിറ്റായിരുന്നു.

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ആ സിനിമയുടെ രണ്ടാം ഭാഗമിറങ്ങുന്നത് കാത്തിരിക്കുകയാണ് മിക്ക സിനിമാ പ്രേമികളും.

ഈയിടെ രണ്ടാം ഭാഗമിറങ്ങുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗത്തെ പറ്റി എല്ലാവരും ചോദിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. അതിന് പറ്റിയ സ്‌ക്രിപ്റ്റ് കിട്ടാതെ എന്തെങ്കിലും വച്ച് ചെയ്തിട്ട് ആദ്യ ഭാഗത്തിന്റെ വില കളയരുതല്ലേ എന്ന് കരുതി.

അതുകൊണ്ടാണ് ആ സിനിമ പ്ലാന്‍ ചെയ്യാതിരുന്നത്. പിന്നെ ഞങ്ങള്‍ വേറെ ഒരു കഥ എഴുതി വന്നപ്പോഴാണ് ഇത് അമറിന് പറ്റിയതാണല്ലോ എന്ന് തോന്നിയത്.

ഞങ്ങള്‍ ഷാഫി സാറിന് വേണ്ടിയായിരുന്നു അത് എഴുതി തുടങ്ങിയത്. സാറിനോട് ഈ കാര്യം പറഞ്ഞു. അപ്പോള്‍ ഷാഫി സാര്‍, ശരിയാണ് ഇത് അമര്‍ അക്ബറിന് പറ്റിയ കഥയാണെന്നും രണ്ടാം ഭാഗം ചെയ്‌തോളൂവെന്നും പറഞ്ഞ് അനുവാദം തന്നു.

അപ്പോള്‍ തന്നെ നാദിര്‍ഷിക്കയെ വിളിച്ച് അതിന്റെ പ്ലോട്ട് പറഞ്ഞതും, ഇത് അടിപൊളിയാണെന്നും ഇത് വെച്ച് രണ്ടാം ഭാഗം ചെയ്യാമെന്നും ഇക്ക പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടില്ല. ഇതുവരെ ആര്‍ട്ടിസ്റ്റുകളോടൊന്നും പറഞ്ഞിട്ടുമില്ല. സിനിമയുടെ കഥ എഴുതി പൂര്‍ത്തിയാക്കണം. ഇതുവരെ അത് കംപ്ലീറ്റ് ചെയ്തിട്ടില്ല.

ആ പ്ലോട്ട് പറഞ്ഞപ്പോള്‍ തന്നെ പ്രൊഡ്യൂസര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇഷ്ടമായി. ഇതിനിടയില്‍ ഒരു പരിപാടിയില്‍ അറിയാതെ ഞാനും ബിബിനും ഇതിനെ പറ്റി സംസാരിച്ചു. പിന്നെ എല്ലാവരും ചോദിക്കാനും തുടങ്ങി,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Amar Akbar Anthony Second Part