നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അഭിനയിച്ച സിനിമ വന്‍ ഹിറ്റായിരുന്നു.
ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിഷ്ണു.
‘എന്റെയും ബിബിനിന്റെയും കൂട്ടുകെട്ടിനെ കുറിച്ച് ഇനി പുതുതായിട്ട് പറയാന്‍ ഒന്നുമില്ല. എല്ലാര്‍ക്കും അറിയുന്ന കാര്യങ്ങളാണ്, ഞങ്ങള്‍ ചെറുപ്പം മുതല്‍ ഒരുമിച്ച് സ്റ്റേജ് ഷോകള്‍ ചെയ്ത് പരിചയം ഉള്ളവരാണ്.
പിന്നെ ചാനലുകള്‍ക്ക് വേണ്ടിയും സ്റ്റേജ് പ്രോഗ്രാംസിന് വേണ്ടിയും എഴുതാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഞങ്ങളെ വെച്ച് ഒരു കഥ എഴുതിയാല്‍ ആ പടം ചെയ്യാമെന്ന് നൗഫല്‍ക്ക (ബി.സി. നൗഫല്‍) പറഞ്ഞു.
ഇക്ക തന്നെ ഡയറക്റ്റും പ്രൊഡ്യൂസും ചെയ്യാമെന്നാണ് പറഞ്ഞത്. പുള്ളിയുടെ അസിസ്റ്റന്റ്‌സായിട്ട് ഞങ്ങള്‍ രണ്ടുപേരും വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെ ഇക്ക പറഞ്ഞിട്ടാണ് ഞങ്ങള്‍ ഞങ്ങളെ പറ്റി കഥ എഴുതുന്നത്.
അതാണ് ‘അമര്‍ അക്ബര്‍ അന്തോണി’യായി പിന്നീട് മാറിയത്. സ്‌ക്രിപ്‌റ്റൊക്കെ കഴിഞ്ഞപ്പോള്‍ സാറ്റ്‌ലൈറ്റ് വാല്യൂ ഉള്ളവരുടെ പടമാണെങ്കില്‍ മാത്രമേ സാറ്റ്‌ലൈറ്റ് തരികയുള്ളൂ എന്ന അവസ്ഥയായി.
ആദ്യമൊക്കെ ഒരു പടം അനൗണ്‍സ് ചെയ്താല്‍ ചാനലുകാര്‍ സാറ്റ്‌ലൈറ്റ് തരുമായിരുന്നു. ആ ധൈര്യത്തിലാണ് നൗഫലിക്ക ഞങ്ങളെ വെച്ച് സിനിമ ചെയ്യാമെന്ന് പറഞ്ഞത്.
ഇനി നടക്കില്ലെന്നായപ്പോള്‍ ഞങ്ങള്‍ ആ സ്‌ക്രിപ്റ്റ് മടക്കി വെച്ചു. ഷാജോണ്‍ ചേട്ടന്റെ അടുത്ത് കാര്യം പറഞ്ഞിരുന്നു. ചേട്ടന്‍ നാദിര്‍ഷിക്കയോട് സംസാരിച്ചു. അങ്ങനെ ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു.
അപ്പോഴേക്കും ഞങ്ങള്‍ക്ക് അഭിനയിക്കാനുള്ള ആഗ്രഹമൊക്കെ പോയി. നമ്മളെ വെച്ച് ആ സിനിമ നടക്കില്ലെന്ന് ഉറപ്പായിരുന്നു. നല്ല ആര്‍ട്ടിസ്റ്റുകളെ വെച്ചാലെ നാട്ടുകാര്‍ ആ സിനിമ കാണുള്ളൂവെന്ന് നാദിര്‍ഷിക്കയും പറഞ്ഞു.
ഇക്കയുടെയും ഞങ്ങളുടെയും ആദ്യപടമാണ്. ഇതൊന്ന് ക്ലിക്ക് ആയി കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് അഭിനയിക്കാലോ എന്നും ഇക്ക പറഞ്ഞു. അത് ശരിയാണല്ലോയെന്ന് മനസിലാക്കാനുള്ള ബുദ്ധി അന്ന് രണ്ടാള്‍ക്കും ഉണ്ടായിരുന്നു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Amar Akbar Anthony