അമല്‍ നീരദ് സാറിന്റെ ഫേവറിറ്റ് ആക്ടറാണ് ഞാനെന്ന് ആ ചടങ്ങില്‍ വെച്ച് അദ്ദേഹം പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍
Entertainment
അമല്‍ നീരദ് സാറിന്റെ ഫേവറിറ്റ് ആക്ടറാണ് ഞാനെന്ന് ആ ചടങ്ങില്‍ വെച്ച് അദ്ദേഹം പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 7:57 am

അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലെ തിരക്കഥാകൃത്തും നായകനടനും വിഷ്ണുവാണ്. വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹം  മാറി. വിഷ്ണു ഉണ്ണികൃഷ്ണന്‍ നിര്‍മിച്ച ആദ്യ സിനിമയാണ് ഇടിയന്‍ ചന്തു. ചിത്രത്തില്‍ ഇടിയന്‍ ചന്തുവായി എത്തിയതും വിഷ്ണു ഉണ്ണികൃഷ്ണനാണ്.

അമല്‍ നീരദിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നേരത്തെ അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടിയില്‍ കലാഭവന്‍ മാണിയുടെ ചെറുപ്പം അവതരിപ്പിച്ചത് വിഷ്ണു ആയിരുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന അമല്‍ നീരദ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റിന് ശേഷം നടന്നൊരു ഇവന്റില്‍ വെച്ച് അമല്‍ നീരദിനെ കണ്ടെന്നും അപ്പോള്‍ തന്നോട് പുതിയ സിനിമ വരുന്ന വിവരം അറിഞ്ഞല്ലോയെന്ന് പറഞ്ഞെന്നും വിഷ്ണു പറയുന്നു. നാദിര്‍ഷയോട് ഇത് തന്റെ ഫേവറിറ്റ് ആക്ടര്‍ ആണെന്ന് അമല്‍ നീരദ് തന്നെ നോക്കി പറഞ്ഞെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ തനിക്ക് വളരെ സന്തോഷമായെന്നും അമലിന്റെ മനസ്സില്‍ താനുണ്ടെന്ന് മനസിലായെന്നും പറഞ്ഞ വിഷ്ണു തനിക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ അമല്‍ നീരദ് വിളിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമല്‍ നീരദ് സാറിന്റെ പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയിലും ഇയ്യോബിന്റെ പുസ്തകത്തിലും അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ അനൗണ്‍സ്മെന്റ് കഴിഞ്ഞ ശേഷം ഞങ്ങള്‍ വേറൊരു ഫങ്ഷനില്‍ നില്‍ക്കുകയായിരുന്നു. നാദിര്‍ഷിക്കയും ഞാനുമുണ്ട്. അപ്പോള്‍ അവിടെ അമല്‍ നീരദ് വന്നിട്ടുണ്ടായിരുന്നു.

അദ്ദേഹത്തെ കണ്ടതും ഞാന്‍ പോയി ഹലോ സാര്‍ സുഖമാണോ എന്നൊക്കെ ചോദിച്ച് സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘എടാ ഞാന്‍ നിന്റെ പുതിയ സിനിമ തുടങ്ങാന്‍ പോകുന്നതൊക്കെ അറിഞ്ഞല്ലോ’എന്ന്. എന്നിട്ട് നാദിര്‍ഷിക്കയെ നോക്കിയിട്ട് പറഞ്ഞു ഇത് എന്റെ ഫേവറിറ്റ് നടനാണെന്ന്.

എനിക്ക് കിട്ടിയ സന്തോഷം അപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അദ്ദേഹത്തിന്റെ മനസില്‍ അപ്പോള്‍ ഞാന്‍ ഉണ്ടല്ലോ. എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹം വിളിക്കുമെന്ന് മനസിലായി. അങ്ങനെയാണ് നേരത്തെ ഇയ്യോബിന്റെ പുസ്തകത്തിലേക്ക് വിളിച്ചത്. അല്ലാതെ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ വിളിച്ച് എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിട്ട് ലഭിച്ച വേഷങ്ങളല്ല അതൊന്നും,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlight: Vishnu Unnikrishnan Talks About Amal Neerad