Entertainment
അന്ന് അമല്‍ നീരദ് അദ്ദേഹത്തോട്, ദേ എന്റെ ഫേവറൈറ്റ് ആക്ടറെന്ന് പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 19, 02:43 am
Friday, 19th July 2024, 8:13 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റെയും എന്ന മലയാള സിനിമയിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ പിന്നീട് നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. താരം അമല്‍ നീരദിന്റെ ചിത്രങ്ങളായ ബാച്ച്‌ലര്‍ പാര്‍ട്ടിയിലും ഇയ്യോബിന്റെ പുസ്തകത്തിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇടിയന്‍ ചന്തുവിന്റെ ഭാഗമായി സില്ലിമോങ്ക്സിന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘അമല്‍ സാറിന്റെ പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയും ഇയ്യോബിന്റെ പുസ്തകവുമാണ് ആ സിനിമകള്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമ അനൗണ്‍സ് ചെയ്ത സമയത്ത് മറ്റൊരു ഫങ്ഷനില്‍ വെച്ച് ഞാന്‍ അമല്‍ സാറിനെ കണ്ടു. എന്റെ കൂടെ നാദിര്‍ഷിക്കയും ഉണ്ടായിരുന്നു.

അമല്‍ സാറിനെ കണ്ടതും ഞാന്‍ സാറിനോട് ചെന്ന് സംസാരിച്ചു. അതിനിടയില്‍ സാര്‍ നാദിര്‍ഷിക്കയോട് ‘എടോ, തന്റെ പടം തുടങ്ങാന്‍ പോകുന്നത് ഞാന്‍ കണ്ടു കേട്ടോ’ എന്ന് പറഞ്ഞു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് ‘ദേ എന്റെ ഫേവറൈറ്റ് ആക്ടറാണ് കേട്ടോ’ എന്നും പറഞ്ഞു. എനിക്ക് അപ്പോള്‍ കിട്ടിയ സന്തോഷം വളരെ വലുതായിരുന്നു.

അദ്ദേഹത്തിന്റെ മനസില്‍ എന്നെ കുറിച്ചുള്ള ചിന്ത ഉണ്ടല്ലോ. അതുകൊണ്ട് എനിക്ക് പറ്റിയ ഏതെങ്കിലും പടമുണ്ടെങ്കില്‍ എന്നെ വിളിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ തന്നെയാണ് എന്നെ ഇയ്യോബിന്റെ പുസ്തകത്തിലേക്ക് വിളിക്കുന്നത്. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ വിളിച്ചിട്ട് ഹലോ എന്തെങ്കിലും ചാന്‍സുണ്ടോയെന്ന് ചോദിച്ചിട്ടില്ല,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Amal Neerad