| Thursday, 7th July 2022, 9:37 am

ഒരു യമണ്ടന്‍ പ്രേമകഥ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല, അതിൽ നിന്നും ഒരു കാര്യം മനസിലായി: വിഷ്ണു ഉണ്ണികൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒന്നിച്ച് തിരക്കഥയെഴുതിയ സിനിമയായിരുന്നു ഒരു യമണ്ടൻ പ്രേമകഥ. ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിൽ സംയുക്ത മേനോനും നിഖില വിമലുമായിരുന്നു നായികമാർ. പൊതുവെ തമാശ കൈകാര്യം ചെയ്യുന്ന തിരക്കഥാകൃത്തുക്കളാണ് വിഷ്ണുവും ബിബിനും .

ഇവർ തിരക്കഥയെഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ സിനിമകളുടേതുപോലുള്ള വിജയം ഈ സിനിമക്ക് ലഭിച്ചിരുന്നില്ല. ഒരു യമണ്ടൻ പ്രേമകഥ പ്രതീക്ഷിച്ചപോലെ വിജയിച്ചില്ലെന്ന് പറയുകയാണ് വിഷ്ണു. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു യമണ്ടൻ പ്രേമ കഥ എന്ന സിനിമയിൽ നിന്നും ഞങ്ങൾ ഒരുപാട് പാഠങ്ങൾ പഠിച്ചിട്ടുണ്ട്. സാമ്പത്തികമായി നോക്കുമ്പോൾ നന്നായി ഓടിയ സിനിമയാണ്. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല. അതിനു രണ്ട് രീതിയിലുള്ള അഭിപ്രായങ്ങൾ വന്നു. അതുകൊണ്ട് തന്നെ ആ സിനിമയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും തിരിച്ചറിയാനും പറ്റി.

എവിടെയൊക്കെ മാറ്റങ്ങൾ വരുത്താമായിരുന്നു എന്നത് റിലീസ് ചെയ്തപ്പോൾ മനസിലായി. ഷോ കണ്ട് കഴിഞ്ഞപ്പോഴാണ് പല കാര്യങ്ങളും കത്തിയത്. അതിനു മുമ്പ് കത്തിയില്ല എന്നല്ല. രണ്ട് മനസ്സായിരുന്നു. ചില സീനുകളിലൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം എന്ന തരത്തിലുള്ള ചർച്ചകൾ നടന്നതാണ്. പക്ഷേ ആ സമയം നമുക്ക് ഒന്നും തോന്നിയില്ല.

സീനുകളൊക്കെ അതുപോലെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. രണ്ട് മനസായിരുന്നു. അതിൽ നിന്നും ഒരു കാര്യം മനസിലായി അങ്ങനെ രണ്ട് മനസാണെങ്കിൽ ആ സീൻ ഒഴിവാക്കിയേക്കണമെന്ന്,’ വിഷ്ണു പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന കുറി പ്രദർശനത്തിനൊരുങ്ങിയിരിക്കുകയാണ്. കോക്കേർസ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണാണ് കുറി സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Content Highlight: Vishnu Unnikrishnan says that Oru Yamandan Premakatha did not succeed as expected, but one thing was learned from it

We use cookies to give you the best possible experience. Learn more