ബാലതാരമായി സിനിമ അഭിനയം തുടങ്ങിയ വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പിന്നീട് അദ്ദേഹം നായക വേഷങ്ങൾ ചെയ്ത് തിളങ്ങി. സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി എവിടെയും പോയി അലഞ്ഞിട്ടില്ലെന്ന് പറയുകയാണ് വിഷ്ണു. കുറി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നോടൊക്കെ ഒരുപാട് പേര് പറയും നിങ്ങൾ ഒക്കെ കുറെ അലഞ്ഞിട്ടാണല്ലോ അഭിനയിക്കാൻ അവസരം കിട്ടിയതെന്ന്. ഞാൻ എവിടെയും അലഞ്ഞിട്ടില്ല എന്നത് എനിക്കേ അറിയുള്ളൂ. അങ്ങനെ ചാൻസിനു വേണ്ടിയൊന്നും ഞാൻ ശ്രമിച്ചിട്ടില്ല.
എനിക്ക് സംവിധായകരെ ആരെയും പരിചയമില്ലായിരുന്നു. സിനിമയിലും ആരെയും പരിചയമില്ലായിരുന്നു. ആകെ അറിയുന്നത് മനുരാജേട്ടനെയാണ്. പുള്ളിയുടെ ട്രൂപ്പിലാണ് ഞങ്ങൾ മിമിക്രി കളിച്ചോണ്ടിരുന്നത്. പുള്ളിയുടെ ഒരു സുഹൃത്ത് നിഷാദ് ഖാനാണ് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്.
ആ സമയത്ത് എനിക്ക് മിമിക്രിക്ക് സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടിയിട്ട് പത്രത്തിൽ ഫോട്ടോ ഒക്കെ വന്ന് ഹാപ്പിയായി നിൽക്കുന്ന സമയമായിരുന്നു. അപ്പോഴാണ് അതിലേക്ക് ചെല്ലാൻ പറയുന്നത്. അങ്ങനെ ആ സെറ്റിൽ ചെല്ലുമ്പോഴാണ് ആദ്യമായി സിബി മലയിൽ എന്ന ഡയറക്ടറെ കാണുന്നത്. എന്നാൽ അവിടെ ചെന്നപ്പോൾ എന്നെ ഫിക്സ് ചെയ്ത റോൾ വേറെ ഒരാൾ ചെയ്ത് പോയി. എന്തായാലും എവിടെ നിൽക്ക് എന്ന് പറഞ്ഞ് നിഷാദിക്ക എന്നെ അവിടെ പിടിച്ചു നിർത്തി.
അങ്ങനെ ഒരു ഡയലോഗ് വന്നപ്പോൾ ഇതാർക്കാ പറയാൻ പറ്റുക എന്ന് ചോദിച്ചു. ആ സമയത്താണ് നിഷാദിക്ക എടാ നീ പറയില്ലേ എന്ന് എന്നോട് ചോദിക്കുന്നത്. അങ്ങനെ ഞാൻ പറഞ്ഞ് നോക്കിയപ്പോഴേക്കും സിബി സാർ ഒക്കെ പറഞ്ഞു.
എന്റെ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയപ്പോൾ എല്ലാവരും കയ്യടിച്ചു. സിബി സാർ വന്ന് ഷേക്ക് ഹാൻഡും തന്നു. അപ്പോൾ എന്റെ വിചാരം ഞാൻ സിനിമ നടനായി, ഇനി വിളികൾ ഇങ്ങനെ വന്നോളും എന്നായിരുന്നു ( ചിരിക്കുന്നു ). ഞാൻ ആയിട്ട് എവിടെയും പോയി ചാൻസ് ചോദിച്ചിരുന്നില്ല, വിഷ്ണു പറഞ്ഞു.
കോക്കേർസ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണാണ് കുറി സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Content Highlight: Vishnu Unnikrishnan says that his thought was that he became a film actor so the calls will come