| Wednesday, 6th July 2022, 12:02 pm

രണ്ട് ചെയ്യാൻ പേടിയായിരുന്നു, പിന്നീട് തോന്നി സമൂഹത്തിനോട് നമുക്കും ഒരു ബാധ്യതയുണ്ടല്ലോയെന്ന്: വിഷ്ണു ഉണ്ണികൃഷ്ണൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു രണ്ട്. സുജിത്ത് ലാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗ്രാമത്തിലെ ചില വർഗീയ ഗ്രൂപ്പുകളുടെ പ്രവൃത്തികളാൽ വാവ എന്ന ഗ്രാമീണ യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്.

വാവ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിച്ചത്. മമിത ബൈജു, മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, രേഷ്മ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തത്.

രണ്ട് എന്ന സിനിമയിൽ അഭിനയിക്കാൻ പേടിയായിരുന്നെന്നും കുറെ ആലോചിച്ചതിനു ശേഷമാണ് അഭിനയിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞിരിക്കുകയാണ് വിഷ്ണു. ഡൂൾന്യൂസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് ചിന്തിച്ചാണ് രണ്ട് എന്ന സിനിമ കമ്മിറ്റ് ചെയ്തത്. ആ കാര്യത്തിലൊക്കെ ഒട്ടും ധൈര്യമില്ലാത്ത ആളാണ് ഞാൻ. കാരണം നമ്മൾ സ്റ്റേജിൽ നിന്നും വന്നത് കൊണ്ട് തന്നെ ക്രൗഡ് സൈക്കോളജിയെ കുറിച്ച് അറിയാം. അത് ഭീകരമാണ്. നമുക്ക് മാനേജ് ചെയ്യാൻ പറ്റില്ല. ആളുകൾ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യത്തിനെ വേറെ രീതിയിൽ വ്യാഖ്യാനിച്ച് കുറ്റം പറയുന്ന കാലം കൂടിയാണല്ലോ. അത് ഇപ്പോൾ മാത്രമല്ല പണ്ടും ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ വഴി എല്ലാവർക്കും അതിനൊരു സ്പേസ് ഉണ്ട്.

അതുകൊണ്ട് തന്നെ ഈ കഥ കേട്ടപ്പോൾ ചേട്ടാ ഈ പ്ലോട്ട് രസമുണ്ട്, പക്ഷെ എനിക്ക് പേടിയാണ് ഞാൻ ഇല്ലെന്നാണ് ആദ്യം പറഞ്ഞത്. സ്ക്രിപ്റ്റ് ആയിട്ട് ഒന്ന് കേൾക്കൂ, ഞങ്ങൾ നല്ല പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ സജഷൻസൊക്കെ ഞാനും പറഞ്ഞു. അങ്ങനെ റീവർക്ക് ചെയ്തതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നത്. പിന്നെ എനിക്കും തോന്നി ഈ കണ്ടന്റ് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയുക.

നമുക്കും ഒരു ബാധ്യതയുണ്ടല്ലോ സമൂഹത്തിനോട്. സിനിമ ചെയ്യാൻ സംവിധായകനും പ്രൊഡ്യൂസറും തിരക്കഥാകൃത്തുമൊക്കെ ധൈര്യത്തോടെ തയ്യാറാകുമ്പോൾ ഞാൻ എന്തിനാ പേടിക്കുന്നതെന്ന് വിചാരിച്ചു. അല്ലാതെ അത് ചെയ്യാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു,’ വിഷ്ണു പറഞ്ഞു.

കോക്കേർസ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്യുന്ന കുറിയാണ് വിഷ്ണുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Content Highlight: Vishnu Unnikrishnan says that he was afraid to do the role in the movie randu

We use cookies to give you the best possible experience. Learn more