ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ജൂഡ്, ജോളി ചിറയത്ത് പ്രയാഗ... ഇത് നടക്കുമോ എന്ന് നിര്‍മാതാവ് ചോദിച്ചു
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍, ജോളി ചിറയത്ത്, ജൂഡ് ആന്തണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി.
റാപ്പും ഡാന്‍സുകളുമൊക്കെയുള്ള ഒരു പക്കാ എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയത്. ഇത്രയും താരങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഒരു സിനിമ നിര്‍മിക്കുന്നതിന്റെ എല്ലാ ടെന്‍ഷനും നിര്‍മാതാവ് റെജിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ജൂഡ്, ജോളി ചിറയത്ത് പ്രയാഗ.. സോഹാ ഇത് നടക്കുമോ എന്ന് പുള്ളി ചോദിച്ചിരുന്നെന്നും ഇടയ്ക്ക് തനിക്കും ആ സംശയം ഉണ്ടായിരുന്നെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘ഈ സിനിമയുമായി മുന്നോട്ടുപോകുമ്പോള്‍ നിര്‍മാതാവിന് ഒരു സംശയമുണ്ടായിരുന്നു. വേറൊന്നുമല്ല. ഭാസി, ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, പ്രയാഗ ജൂഡ്, ജോള ചേച്ചി സോഹാ, ഇത് നടക്കുമോ എന്ന് പുള്ളി ചോദിച്ചിരുന്നു. ഇടയ്ക്ക് എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതില്ല.
കാരണം സിനിമയുടെ പ്ലാനിങ് തുടങ്ങിയിട്ട് കുറേ നാളായി. പിന്നെ അതിനിടെ വേറെ ചില പ്രശ്‌നങ്ങള്‍ വന്നു. വിലക്ക് പോലുള്ള ചില കാര്യങ്ങള്‍. അങ്ങനെ പല പല പ്രശ്‌നങ്ങള്‍ ആണല്ലോ.
പക്ഷേ നമുക്ക് മനസിലായത് സോഹന്‍ ചേട്ടനെ പോലൊരാള്‍ ഇതിന്റെ ഇടയില്‍ ഉള്ളതുകൊണ്ടായിരിക്കും വളരെ സ്മൂത്ത് ആയി ഏറ്റവും ചുരുങ്ങിയ ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. പിന്നെ എല്ലാവരും സഹകരിച്ചിട്ടുണ്ട്.
ഇത് പറയുമ്പോള്‍ എനിക്ക് ഓര്‍മ വന്ന മറ്റൊരു കാര്യം, ഞങ്ങള്‍ അമര്‍ അക്ബര്‍ അന്തോണി ഷൂട്ട് ചെയ്യുമ്പോള്‍ സച്ചി ചേട്ടന്‍ ലൊക്കേഷനില്‍ വന്നിരുന്നു. അപ്പോള്‍ അവിടെ ഫൈറ്റ് സീന്‍ എടുത്തോണ്ടിരിക്കുകയാണ്. രാജു ചേട്ടന്‍, ഇന്ദ്രേട്ടന്‍, ജയേട്ടന്‍, വില്ലന്‍, ഫൈറ്റ് മാസ്റ്റര്‍ അങ്ങനെ സെറ്റില്‍ ഒരുപാട് പേരുണ്ട്. നാദിര്‍ഷിക്ക ഇങ്ങനെ കൂളായി ജ്യൂസൊക്കെ കുടിച്ചിരിക്കുകയാണ്.
നിങ്ങള്‍ക്കെങ്ങനെ ഇത്രയും കൂളായിരിക്കാന്‍ പറ്റുന്നു എന്ന് സച്ചി ചേട്ടന്‍ ചോദിച്ചപ്പോള്‍ നാദിര്‍ഷിക്കായുടെ ഒരു മറുപടിയുണ്ട്. ഇതിന്റെയൊന്നും സീരിയസ്‌നെസ് ഞങ്ങള്‍ക്ക് അറിയാന്‍ പാടില്ല. അതുകൊണ്ടാണെന്ന് (ചിരി). എന്ന് പറഞ്ഞതുപോലെയാണ് ഈ സിനിമയുടെ കാര്യവും,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഈ സിനിമ നടക്കണമെന്ന് പ്രൊഡ്യൂസര്‍ ആഗ്രഹിച്ചു, ഡയറക്ടര്‍ ആഗ്രഹിച്ചു. സിനിമയിലെ ഓരോ ആര്‍ടിസ്റ്റുകളും ആഗ്രഹിച്ചു. അപ്പോഴാണ് കാര്യങ്ങള്‍ ഈസിയായത് എന്നായിരുന്നു ഇതിനോടുള്ള സോഹന്റെ മറുപടി.
പിന്നെ നമ്മള്‍ തമാശ കളിക്കുമ്പോഴും നമ്മളെ നിയന്ത്രിക്കാന്‍ ജോളി ചേച്ചി ഉണ്ടായിരുന്നെന്നും സോഹന്‍ തമാശരൂപേണ പറഞ്ഞു. ഇവരെയൊന്നു ഡയറക്ട് ചെയ്യേണ്ട രീതിയില്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും ഓരോ സീന്‍ കഴിയുമ്പോഴും ഗംഭീരം, അടിപൊളി എന്നൊക്കെ പറഞ്ഞ് ഇവരുടെ പരമാവധി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സോഹന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan and Sohan seenulal about their New Movie