തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധായകരാവുന്ന വെടിക്കെട്ട് റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും തന്നെയാണ്.
വെടിക്കെട്ട് സിനിമായുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഇരുവരും തമ്മിലുള്ള വര്‍ക്കുകളെക്കുറിച്ച് പറയുകാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാറുണ്ടെന്നും എന്നാല്‍ അത് വര്‍ക്കിനെ ബാധിക്കാറില്ലെന്നും ബിബിന്‍ ജോര്‍ജ് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
‘ഞങ്ങള്‍ തമ്മില്‍ തീര്‍ച്ചയായും ആശയസംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതുകാരണം ഞങ്ങള്‍ സമയം കളയാറില്ല. സ്‌ക്രിപ്റ്റിങ്ങിലാണ് എപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുള്ളത്. ഡയറക്ഷന്‍ സ്ഥലത്ത് പോകുമ്പോള്‍ അങ്ങനെയുണ്ടാകാറില്ല,’ ബിബിന്‍ പറഞ്ഞു.
പരസ്പരം തര്‍ക്കങ്ങള്‍ ഉണ്ടാകുമെങ്കിലും അവസാനം ഒരു പോയിന്റില്‍ എത്തുമെന്ന് വിഷ്ണുവും പറഞ്ഞു.
‘എനിക്ക് ഓക്കെ അല്ലാത്ത ഒരു കാര്യം ചിലപ്പോ ബിബിന് ഓക്കെയായിരിക്കും, നേരെ തിരിച്ചും ആകാം. അതില്‍ തര്‍ക്കങ്ങളുണ്ടാകുമെങ്കിലും ലാസ്റ്റ് ഒരു പോയിന്റില്‍ എത്തും. ഈ കാര്യങ്ങള്‍ ചിലപ്പോള്‍ മാറിമറിയാറുണ്ട്. ആദ്യം ഒരു കാര്യം വേണ്ട എന്ന് പറയുന്ന ഒരാളായിരിക്കും, പിന്നെ അതിന് വേണ്ടി കൂടുതല്‍ വാദിക്കുന്നത്,’ വിഷ്ണു പറഞ്ഞു.
അവസാനം ഒരു തീരുമാനത്തിലെത്തിയാല്‍ അത് തങ്ങളുടെ രണ്ട് പേരുടെയും തീരുമാനമായിരിക്കുമെന്നും, അത് പിന്നീട് തീയേറ്ററില്‍ വര്‍ക്കായാലും ഇല്ലെങ്കിലും അങ്ങനെത്തന്നെയാണെന്നും ഇരുവരും പറഞ്ഞു.
ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വെടിക്കെട്ട് നിര്‍മിക്കുന്നത്. ഫെബ്രുവരി മൂന്ന് മുതലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.