| Sunday, 5th February 2023, 3:54 pm

ഒന്ന് പിഴച്ചാല്‍ എല്ലാം തീര്‍ന്നു, പിന്നെ മുഴുവന്‍ ട്രോളായിരിക്കും: ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമ കഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകാന്‍ പോകുന്ന സിനിമയാണ് വെടിക്കെട്ട്.

ചെറിയ കാന്‍വാസില്‍ സുഹൃത്തുക്കളെയൊക്കെ ഉള്‍പ്പെടുത്തി ചെയ്യാനിരുന്ന സിനിമയായിരുന്നു വെടിക്കെട്ടെന്നും എഴുതി വന്നപ്പോള്‍ വലുതായി പോയതാണെന്നും വിഷ്ണു പറഞ്ഞു. സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത് ആളുകളെ ചിരിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘കൂട്ടുകാരെ ഉള്‍പ്പെടുത്തി ചെറിയ രീതിയിലൊരു സിനിമയായിരുന്നു മനസില്‍. അതിനിടെ വേറൊരു വലിയ സിനിമയുടെ പണിപ്പുരയിലുമായിരുന്നു. അപ്പോഴാണ് കൊവിഡ് കാരണം ആ സിനിമ നടക്കാതെപോയത്. അപ്പോള്‍ പെട്ടെന്ന് തീരുമാനിച്ചതാണ് വെടിക്കെട്ട്. നമ്മുടെ കൂട്ടുകാരെയൊക്കെ ഈ സിനിമയുടെ ഭാഗമാക്കുകയും ചെയ്യാമെന്ന് ഓര്‍ത്തു. പക്ഷേ എഴുതിവന്നപ്പോള്‍ വലിയ കാന്‍വാസിലേക്കുള്ള തിരക്കഥയായി മാറി. എന്നാല്‍ പിന്തുണക്കാന്‍ പാകത്തിലുള്ള നിര്‍മാതാക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് മുമ്പോട്ട് പോവാന്‍ കഴിഞ്ഞു.

പണ്ടൊക്കെ ഒരു തമാശയുണ്ടാക്കിയാല്‍ അതെല്ലാവരിലേക്കും എത്താന്‍ ഒരുപാട് സമയമെടുക്കും. പല സ്റ്റേജ് ഷോകളിലൂടെയും പരിപാടികളിലൂടെയുമാണ് അത് നാടുമുഴുവന്‍ എത്തുന്നത്. അത്യാവശ്യം നല്ല സമയമെടുക്കും. ഇന്നങ്ങനെയല്ല, ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്ന് ഒരാളൊരു തമാശയുണ്ടാക്കുന്നു. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ഉടനെ വൈറലാവുന്നു. അങ്ങനെയുള്ള കാലഘട്ടത്തില്‍ തമാശയുണ്ടാക്കി ആളുകളെ ചിരിപ്പിക്കല്‍ വളരെ ബുദ്ധിമുട്ടാണ്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഈ കാലത്ത് തമാശ എഴുതി വിജയിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും വെടിക്കെട്ടിന്റെ സംവിധാന പങ്കാളിയും നടനുമായ ബിബിനും പറഞ്ഞു. ‘നമ്മള്‍ ഉദ്ദേശിക്കുന്ന തമാശ ചെറുതായിട്ടൊന്ന് പിഴച്ചാല്‍ മതി, ആളുകള്‍ക്കത് ചളിയായി തോന്നും. അതിനെ ഭയങ്കരമായിട്ട് ട്രോളും. അതൊക്കെ മനസ്സില്‍ കണ്ടുതന്നെയാണ് എഴുതാറുള്ളത്,’ ബിബിന്‍ പറഞ്ഞു.

ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വെടിക്കെട്ട് നിര്‍മിച്ചത്. ഫെബ്രുവരി 3നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

content highlight: vishnu unnikrishnan and bibin george about vedikettu movie

Latest Stories

We use cookies to give you the best possible experience. Learn more