Entertainment
'രതീഷ്' എന്ന വാക്ക് വര്‍ക്കായത് കണ്ട് കോണ്‍ഫിഡന്‍സ് കൂടിയിട്ടാണ് യമണ്ടന്‍ പ്രേമകഥയില്‍ ആ ഡയലോഗ് ചേര്‍ത്തത്: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 04:22 am
Thursday, 13th February 2025, 9:52 am

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഇരുവരും ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രവും വിജയമായതോടെ ഈ കോമ്പോ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ഇതേ കോമ്പോ വീണ്ടും ഒന്നിച്ച് വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രേമകഥ പ്രതീക്ഷിച്ച വിജയം നേടിയില്ല. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പയറ്റിയ പല കോമഡികളുടെയും ആവര്‍ത്തനം യണ്ടന്‍ പ്രേമകഥയിലുമുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ പല സീനുകളും മീം രൂപത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കട്ടപ്പനയിലെ ഡയലോഗും സീനുകളും ചര്‍ച്ചയാകുമെന്ന് ഒട്ടും കരുതിയില്ല. സോഷ്യല്‍ മീഡിയയില്‍ അതിലെ പല ഡയലോഗും ഹിറ്റായി മാറി- വിഷ്ണു ഉണ്ണികൃഷ്ണന്‍

രതീഷ് എന്ന വാക്ക് എല്ലായിടത്തും ചര്‍ച്ചയായെന്നും അതൊന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അങ്ങനെയൊന്ന് ചെയ്യാന്‍ വേണ്ടി ചെയ്ത സിനിമയാണ് യമണ്ടന്‍ പ്രേമകഥയെന്ന് വിഷ്ണു പറഞ്ഞു. ചിത്രഗുപ്തനും പപ്പടവട കോമഡിയും എഡിറ്റിങ്ങില്‍ കളഞ്ഞാലോ എന്ന് ആലോചിച്ചിരുന്നെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

എങ്ങാനും വര്‍ക്കായാലോ എന്ന് വിചാരിച്ച് ആ സീന്‍ കളയണ്ടെന്ന് തീരുമാനിച്ചെന്നും വിഷ്ണു പറഞ്ഞു. ആദ്യത്തെ രണ്ട് സിനിമയില്‍ ഒരുപാട് ഹ്യൂമറുള്ളതുകൊണ്ട് മൂന്നാമത്തെ ചിത്രം ദുല്‍ഖറിനെ വെച്ച് ചെയ്യുമ്പോള്‍ ആളുകള്‍ അതേ കാര്യം തന്നെ പ്രതീക്ഷിക്കുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. അക്കാരണം കൊണ്ട് എല്ലാ സീനിലും ഹ്യൂമര്‍ വേണമെന്ന് തീരുമാനിച്ചിട്ട് എഴുതിയതാണ് ആ സിനിമയുടെ സ്‌ക്രിപ്‌റ്റെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘കട്ടപ്പനയിലെ ഡയലോഗും സീനുകളും ചര്‍ച്ചയാകുമെന്ന് ഒട്ടും കരുതിയില്ല. സോഷ്യല്‍ മീഡിയയില്‍ അതിലെ പല ഡയലോഗും ഹിറ്റായി മാറി. പഴംപൊരിയുടെ പേര് പലയിടത്തും രതീഷ് എന്നാക്കി മാറ്റുമെന്നൊന്നും വിചാരിച്ചില്ല. ‘ചൂട് രതീഷ് ഇവിടെ കിട്ടും’ എന്നൊക്കെ ചില കടകളില്‍ ബോര്‍ഡ് കണ്ടിട്ടുണ്ട്. അങ്ങനെയാകുമെന്നൊന്നും കരുതിയില്ല.

പക്ഷേ, അതുപോലെ ചെയ്യാന്‍ നോക്കി പാളിപ്പോയത് യമണ്ടന്‍ പ്രേമകഥയിലാണ്. ‘രതീഷ്’ പോലെ ഹിറ്റാകുമെന്ന് കരുതിയാണ് ‘ചിത്രഗുപ്ത’നും പപ്പടവടയുടെ കോമഡിയും എഴുതിയത്. എഡിറ്റിന്റെ സമയത്ത് ആ സീന്‍ കളഞ്ഞാലോ എന്നുവരെ ചിന്തിച്ചു. എങ്ങാനും വര്‍ക്കായാലോ എന്ന് ആലോചിച്ചിട്ട് ആ സീന്‍ കളയാതെ വെച്ചു. അത് പണിയായി.

ആ സിനിമക്ക് മുമ്പ് ഞങ്ങള്‍ ചെയ്ത രണ്ട് പടവും കോമഡി ഴോണറായിരുന്നു. മൂന്നാമത്തെ പടം ദുല്‍ഖറിനെ വെച്ച് ചെയ്യുമ്പോള്‍ ആളുകള്‍ കൂടുതല്‍ കോമഡിയാവും പ്രതീക്ഷിക്കുക. അതുകൊണ്ട് എല്ലാ സീനിലും ഹ്യൂമര്‍ ഉള്‍പ്പെടുത്താന്‍ നോക്കിയാണ് ആ പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Vishnu Unnikrishnan about the trolled dialogues in Oru Yamandan Premakadha movie