Entertainment
ലാലേട്ടനെ ആളുകള്‍ ഇങ്ങനെ വിമര്‍ശിക്കുമെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 12, 04:26 pm
Wednesday, 12th February 2025, 9:56 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റേം എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനായത്. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് തിരക്കഥ എഴുതിയതും വിഷ്ണു ആയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിമര്‍ശനം നേരിടുമ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മോശം അഭിപ്രായങ്ങള്‍ വരുന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണെന്നും അതെല്ലാം സ്വീകരിക്കാറുണ്ടെന്നും വിഷ്ണു പറഞ്ഞു. അതെല്ലാം എഫക്ട് ചെയ്യുമെന്നും ചിലതൊക്കെ കാര്യമായി എടുക്കാറുണ്ടെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ അതെല്ലാം എടുത്ത് തലയില്‍ വെക്കില്ലെന്നും എപ്പോള്‍ വേണമെങ്കിലും അതെല്ലാം തിരിച്ചടിക്കുമെന്ന് ബോധ്യമുണ്ടെന്നും വിഷ്ണു പറഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലാലിസം എന്ന പരിപാടിക്ക് ശേഷം മോഹന്‍ലാല്‍ കേട്ട വിമര്‍ശനമെന്ന് വിഷ്ണു കൂട്ടിച്ചേര്‍ത്തു. ആ പരിപാടിക്ക് മുമ്പ് മോഹന്‍ലാലിന് വേണ്ടി മരിക്കാന്‍ വരെ തയാറായി ആളുകള്‍ ഉണ്ടായിരുന്നെന്ന് വിഷ്ണു പറഞ്ഞു.

എന്നാല്‍ ആ പരിപാടിക്ക് ശേഷം മോഹന്‍ലാലിനെ ആളുകള്‍ അങ്ങനെ വിമര്‍ശിക്കുമെന്ന് താന്‍ കരുതിയിട്ടില്ലായിരുന്നെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അത്രമാത്രം വിമര്‍ശിച്ച മോഹന്‍ലാല്‍ പിന്നീട് ഒരു ഹിറ്റ് സിനിമ ചെയ്തപ്പോള്‍ വിമര്‍ശിച്ചവര്‍ തന്നെ അദ്ദേഹത്തെ വീണ്ടും ആരാധിച്ചെന്നും ഇതെല്ലാം സര്‍വസാധാരണമാണെന്നും വിഷ്ണു പറഞ്ഞു. താന്‍ കേള്‍ക്കുന്ന വിമര്‍ശനവും പ്രശംസയും അതുപോലെയാണ് എടുക്കാറുള്ളതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘മോശം അഭിപ്രായങ്ങള്‍ വരുന്നത് നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. അതെല്ലാം സ്വീകരിക്കാതെ വേറെ വഴിയില്ല. വിമര്‍ശനങ്ങള്‍ പലതും നമ്മളെ എഫക്ട് ചെയ്യും, ചിലതൊക്കെ കാര്യമായി എടുക്കും. നല്ലത് പറയുമ്പോള്‍ അതെല്ലാം എടുത്ത് തലയില്‍ വെക്കാന്‍ പോവാറുമില്ല. കാരണം, എപ്പോള്‍ വേണമെങ്കിലും അതെല്ലാം തിരിച്ചടിക്കാന്‍ ചാന്‍സുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലാലേട്ടന് കിട്ടിയ വിമര്‍ശനം. ലാലിസം എന്ന പരിപാടിക്ക് ശേഷം പുള്ളിക്ക് വേണ്ടി മരിക്കാന്‍ തയാറാണെന്ന് പറഞ്ഞവര്‍ വരെ അദ്ദേഹത്തെ നന്നായി വിമര്‍ശിച്ചു. ലാലേട്ടനെ ആളുകള്‍ അത്രക്ക് വിമര്‍ശിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ, അത് കഴിഞ്ഞ് ലാലേട്ടന്‍ ഒരു ഹിറ്റ് തന്നപ്പോള്‍ പഴയതൊക്കെ അവര്‍ മറന്നു. വിമര്‍ശിച്ചവര്‍ തന്നെ അദ്ദേഹത്തെ പ്രശംസിച്ചു. ഇതെല്ലാം സര്‍വസാധാരാണമാണ്. എനിക്ക് വരുന്ന വിമര്‍ശനങ്ങളെയും അങ്ങനെയേ കാണുന്നുള്ളൂ,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Vishnu Unnikrishnan about the hate he got from social media