Movie Day
ഇന്റര്‍വ്യൂവില്‍ കാണുന്ന ആളല്ല ഷൈന്‍ ടോം ചാക്കോ എന്നൊക്കെ ചിലര്‍ പറയുന്നത് വെറുതെയാണ്: വിഷ്ണു ഉണ്ണികൃഷ്ണന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി സിനിമയിലേക്ക് വന്ന വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്.
പിന്നീട് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും താരം ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. വിഷ്ണുവിന്റെ ഏറ്റവും പുതുതായി ഇറങ്ങിയ ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി.
ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും, ഫുക്രുവും, പ്രയാഗ മാര്‍ട്ടിനുമൊക്കെ കേന്ദ്രകഥാപാത്രമാകുന്നുണ്ട്. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു.
‘ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് ചെയ്യാന്‍ പ്ലാന്‍ ഇടുന്ന സിനിമ ഡാന്‍സ് പാര്‍ട്ടിയാണ്. പക്ഷേ ആദ്യം സംഭവിച്ചത് വേറെ ഒരു സിനിമയാണ്. എന്നാല്‍ ആ പടം ഇതുവരെ ഇറങ്ങിയിട്ടില്ല. ആദ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇറങ്ങുന്നത് ഡാന്‍സ് പാര്‍ട്ടി തന്നെയാണ്.
ഇതിന് മുന്‍പ് റാഫി സാര്‍ എഴുതി ഹരിദാസ് സാര്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയിച്ചത്. അത് കഴിഞ്ഞ് പിന്നെ നേരെ വരുന്നത് ഡാന്‍സ് പാര്‍ട്ടി സിനിമയിലേക്കാണ്. അങ്ങനെ രണ്ട് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു.
പൊതുവെ എല്ലാവരും ഷൈന്‍ ചേട്ടന്‍ ഇന്റര്‍വ്യൂവില്‍ കാണുന്ന പോലെയുള്ള ആളല്ല എന്നാണ് പറയാറുള്ളത്. പക്ഷേ അതൊക്കെ വെറുതെ പറയുന്നതാണ്. പുള്ളിക്ക് അങ്ങനെ പല മുഖങ്ങള്‍ ഒന്നും തന്നെയില്ല. ഇന്റര്‍വ്യൂവില്‍ കാണുന്നത് പോലെ തന്നെയാണ് നമ്മളോട് പെരുമാറുമ്പോഴും. ഒരു മറയും ഇല്ലാതെയാണ് നമ്മളോട് ഇടപെടുന്നതും പെരുമാറുന്നതുമൊക്കെ.
വളരെ സ്ട്രെയിറ്റായിട്ടാണ് ആളുടെ സംസാരമൊക്കെ. ഇപ്പോള്‍ രണ്ട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത് കൊണ്ട് ആളെ പറ്റി എനിക്ക് കൃത്യമായ ഒരു ധാരണയുണ്ട്. പിന്നെ സിനിമയിലേക്ക് വരുമ്പോള്‍, മുമ്പ് അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്റെ പകര്‍പ്പുകളൊന്നും ഇല്ലാതെയാണ് ഷൈന്‍ ചേട്ടന്‍ ഡാന്‍സ് പാര്‍ട്ടിയില്‍ അഭിനയിച്ചിരിക്കുന്നത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight:Vishnu Unnikrishnan about shine tom Chacko