| Tuesday, 5th December 2023, 12:10 pm

മമ്മൂക്കയുടെ റഫറന്‍സ് പറയുന്നിടത്തൊക്കെ കയ്യടി ഉറപ്പാണ്; സിനിമകളിലെ മമ്മൂട്ടി റഫറന്‍സുകളെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളില്‍ ഉപയോഗിക്കുന്ന മമ്മൂട്ടി റഫറന്‍സുകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ മുതല്‍ മിക്ക സിനിമകളിലും മമ്മൂട്ടി റഫറന്‍സുകള്‍ വന്നിട്ടുണ്ടെന്നും കയ്യടിക്കപ്പുറം അതിന് ചില കാരണങ്ങള്‍ ഉണ്ടെന്നുമാണ് വിഷ്ണു പറയുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയില്‍ വിഷ്ണുവിന്റെ കഥാപാത്രം വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വീട്ടില്‍ ടി.വിയില്‍ വെച്ചിരിക്കുന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന, മോഹന്‍ നിങ്ങള്‍ ഒരു നടനാവണമെങ്കില്‍ എന്ന ഡയലോഗ്, അതുപോലെ ശിക്കാരി ശംഭുവില്‍ പുലിയെ പിടിക്കാന്‍ വാറുണ്ണിയെ കിട്ടുമോ എന്ന ഡയലോഗ്, വികടകുമാരില്‍ ഉപയോഗിച്ചിരിക്കുന്ന ദി കിങ്ങിലെ ഡയലോഗ്, നിത്യ ഹരിത നായകനില്‍ അച്ഛന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പറയുമ്പോള്‍ ഉപയോഗിക്കുന്ന ദി കിങ്ങിലെ ഡയലോഗ്, യമണ്ടന്‍ പ്രേമകഥയുടെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്ന മമ്മൂട്ടിയുടെ റഫറന്‍സ്, എന്തുകൊണ്ടാണ് ഇത്രയേറെ മമ്മൂക്ക റഫറന്‍സ് സിനിമയില്‍ കയറി വരുന്നതെന്നും ഒരു മമ്മൂട്ടി ഫാന്‍ ആണോ എന്നുമുള്ള ചോദ്യത്തിനാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ മറുപടി.

ഞാന്‍ ഉറപ്പായും ഒരു മമ്മൂക്ക ഫാനാണ്. പിന്നെ മമ്മൂക്കയുടെ റഫറന്‍സ് പറയുന്നിടത്തൊക്കെ കയ്യടി ഉറപ്പാണല്ലോ (ചിരി). കയ്യടി കിട്ടുക എന്നത് മാത്രമല്ല, ഈ റഫറന്‍സൊന്നും വെറുതെ ചേര്‍ത്തതായിട്ട് ഒരു സിനിമയിലും തോന്നില്ല.

വളരെ റലവന്‍സുള്ള സ്ഥലങ്ങളിലാണ് നമ്മള്‍ ഇത് ഉപയോഗിച്ചിരിക്കുന്നത്. നമ്മള്‍ തന്നെ ജീവിതത്തില്‍ പറയുന്ന ചില കാര്യങ്ങളാണ് ഇത്. അല്ലാതെ മമ്മൂട്ടി ഫാനാണ് എന്ന് കാണിക്കാന്‍ വേണ്ടി ചെയ്തിട്ടില്ല. എല്ലാവര്‍ക്കും കണക്ടാവുന്ന ചില കാര്യങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

മോഹന്‍ നിങ്ങള്‍ ഒരു നടനാവണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ആയിരിക്കും എന്ന് പറയുന്നിടത്ത് ഒരു നടനാവാന്‍ ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോര, നിങ്ങള്‍ കൂടി വിചാരിക്കണം എന്ന അര്‍ത്ഥം വരുന്നുണ്ട്.

ബെസ്റ്റ് ആക്ടര്‍ കണ്ടപ്പോള്‍ മുതല്‍ സിനിമാ മോഹികളായിട്ടുള്ള എല്ലാ ആള്‍ക്കാരുടേയും മനസില്‍ നില്‍ക്കുന്ന ഒരു ഡയലോഗ് ആണ് അത്. അതുപോലെ സാഹചര്യവുമായി ചേര്‍ന്ന് പോകുന്ന ഡയലോഗുകള്‍ എടുക്കുന്നു എന്നേയുള്ളൂ.

പിന്നെ മമ്മൂക്കയെ അത്ര ഇഷ്ടമായതുകൊണ്ട് ആ ഡയലോഗുകളൊക്കെ നാച്ചുറലായി വരും. പിന്നെ ഡി.ക്യുവിന്റെ റഫറന്‍സും ഉപയോഗിച്ചിട്ടുണ്ട്. ഈ പുള്ളീനെയൊക്കെ എത്ര കുത്തിവരച്ചാലും ഒടുക്കത്തെ ഗ്ലാമറാ എന്ന ഡയോഗ്. ഇപ്പോഴും ചില ട്രോള്‍ പേജുകളിലൊക്കെ ഇത് വാരാറുണ്ട്.

ഞങ്ങളുടെ തന്നെ ചില സൗഹൃദ സംഭാഷങ്ങളില്‍ ഉരുത്തിരിഞ്ഞ് വരുന്ന തമാശകള്‍ ഞങ്ങള്‍ നോട്ട് ചെയ്ത് വെക്കാറുണ്ട്. അതെല്ലാം കൂടി ചേര്‍ത്ത് വെക്കും. ഒരു തിരക്കഥ പൂര്‍ത്തിയാകുന്ന സമയത്ത് ആ നോട്ട് ചെയ്ത് വെച്ച കോമഡികള്‍ എല്ലാം നോക്കും. ഇതില്‍ നിന്ന് എന്തൊക്കെ ഉപയോഗിക്കാന്‍ പറ്റുമെന്ന് നോക്കും. സിറ്റുവേഷനില്‍ ആഡ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ആഡ് ചെയ്യും,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

Content Highlight: Vishnu Unnikrishnan about Mammoottys reference on his movies

Latest Stories

We use cookies to give you the best possible experience. Learn more