എന്നെക്കാണാന്‍ ആ നടനെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, അയാളുടെ ചെറുപ്പകാലം ഞാന്‍ അഭിനയിച്ചിട്ടുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണന്‍
Entertainment
എന്നെക്കാണാന്‍ ആ നടനെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, അയാളുടെ ചെറുപ്പകാലം ഞാന്‍ അഭിനയിച്ചിട്ടുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 7:40 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റെയും എന്ന മലയാള സിനിമയിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ പിന്നീട് നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ബിബിന്‍ ജോര്‍ജിനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് തിരക്കഥ എഴുതിയതും വിഷ്ണു ആയിരുന്നു. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ബിബിന്‍ ജോര്‍ജിനൊപ്പം വെടിക്കെട്ട് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

നായകനാകുന്നതിന് മുമ്പ് ഒന്നുരണ്ട് സിനിമകളുടെ സെറ്റില്‍ വെച്ച് പലരും തന്നോട് കലാഭവന്‍ മണിയുടെ ഛായയുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നെന്ന് വിഷ്ണു പറഞ്ഞു. തനിക്ക് അത് ഒരുപാട് അഭിമാനവും സന്തോഷവും തരുന്ന കാര്യമാണെന്ന് വിഷ്ണു കൂട്ടിച്ചേര്‍ത്തു. ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ താന്‍ കലാഭവന്‍ മണിയുടെ ചെറുപ്പകാലം ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് പലരും ഇക്കാര്യം പറഞ്ഞ് തുടങ്ങിയതെന്നും വിഷ്ണു പറഞ്ഞു.

അദ്ദേഹത്തിന്റെ പേരിനൊപ്പം തന്റെ പേര് ചേര്‍ത്ത് പറയുന്നത് സന്തോഷം തരുന്ന കാര്യമാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തിയ സ്‌റ്റേജ് ഷോയില്‍ കലാഭവന്‍ മണിയോടൊപ്പം വേദി പങ്കിടാനുള്ള അവസരം കിട്ടിയിട്ടുണ്ടായിരുന്നെന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് മണിയെന്നും വിഷ്ണു കൂട്ടിച്ചര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്.

‘കലാഭവന്‍ മണിയുടെ ചെറിയൊരു ഛായയുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ പുള്ളിക്കാരന്റെ ചെറുപ്പകാലം അഭിനയിച്ചത് ഞാനായിരുന്നു. അതിനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ആ പടത്തിന് ശേഷമാണ് പലരും എന്നെക്കാണാന്‍ മണിച്ചേട്ടനെപ്പോലെയുണ്ടെന്ന് പറഞ്ഞുതുടങ്ങിയത്.

അദ്ദേഹത്തിന്റെ കൂടെ ഒരു സ്റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഖത്തറില്‍ വെച്ച് നടത്തിയ ഒരു ഇവന്റായിരുന്നു അത്. എന്റെ ആദ്യത്തെ ഫോറിന്‍ പ്രോഗ്രാമായിരുന്നു അത്. അന്ന് ആ പരിപാടിക്ക് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അതില്‍ മണിച്ചേട്ടനും ഉണ്ടായിരുന്നു. പുള്ളിയുടെ കൂടെ വേദി പങ്കിടാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: Vishnu Unnikrishnan about Kalabhavan Mani