മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ‘അമര്‍ അക്ബര്‍ അന്തോണി’. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ എന്നീ വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.
നടനും ഗായകനുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് ‘അമര്‍ അക്ബര്‍ അന്തോണി’. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. അമര്‍ അക്ബര്‍ അന്തോണി2 വരുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
ചിത്രത്തിൽ സാജു നവോദയ അവതരിപ്പിച്ച കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. എപ്പോഴും ദുരന്ത വർത്താനം പറയുന്ന ആ കഥാപാത്രത്തെ ആദ്യം ചെയ്യേണ്ടിയിരുന്നത് നടൻ സലിംകുമാറാണെന്ന് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ. എന്നാൽ അന്നത്തെ സലികുമാറിന്റെ ശരീരം വെച്ച് ആ കഥാപാത്രം ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും പിന്നീടാണ് സാജു നവോദയിലേക്ക് ആ കഥാപാത്രം എത്തുന്നതെന്നും വിഷ്ണു പറയുന്നു. അദ്ദേഹം ഭംഗിയായി അത് ചെയ്‌തെന്നും സാജുവിന് വേണ്ടി ചില മാറ്റങ്ങൾ കഥാപാത്രത്തിൽ വരുത്തിയെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു വിഷ്ണു.
‘അമർ അക്ബർ അന്തോണിയിൽ ഞങ്ങൾ സലീമേട്ടനെ ഉദ്ദേശിച്ചാണ് ആ ദുരന്തം പറയുന്ന കഥാപാത്രം എഴുതിയത്. പക്ഷെ അദ്ദേഹത്തിന്റെ ഒരു ശരീരം വെച്ച് അന്ന് പുള്ളിക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റില്ലായിരുന്നു. പിന്നെയാണ് പാഷാണം ഷാജിയെന്ന സാജു നവോദയ ചേട്ടനിലേക്ക് ആ കഥാപാത്രം എത്തുന്നത്.
സാജു ചേട്ടൻ അത് നല്ല ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ ആ കഥാപാത്രത്തെ കുറിച്ച് എഴുതുമ്പോൾ ആദ്യം സലീമേട്ടനെയാണ് മനസ്സിൽ വിചാരിച്ചത്. പിന്നെ സാജു ചേട്ടനായപ്പോൾ പുള്ളിയുടെ സ്റ്റൈലിൽ കുറെ കാര്യങ്ങൾ അതിലേക്ക് ഉൾപ്പെടുത്തി. എന്തായാലും ആ കഥാപാത്രം നന്നായി സ്വീകരിക്കപ്പെട്ടു,’വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
Content Highlight: Vishnu Unnikrishnan about Dropped Character Of Salim Kumar In Amar Akbar Anthony