കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ റിലീസായതിന് പിന്നാലെ തനിക്ക് വന്ന ചില ഫോണ്‍കോളുകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയുടെ കഥ തങ്ങളുടേതാണെന്ന് പറഞ്ഞ് നിരവധി പേര്‍ വിളിച്ചിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ തന്നെ വിളിച്ച് സംസാരിച്ച ഒരാള്‍ പറഞ്ഞ കാര്യം കേട്ട് എന്തുചെയ്യണമെന്ന അവസ്ഥയിലായിപ്പോയെന്നും വിഷ്ണു പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.
‘ കട്ടപ്പനയിലെ സിനിമ കഴിഞ്ഞ ശേഷം കുറേ പേര്‍ അത് അവരുടെ കഥയാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പയ്യന്‍ എന്നെ ഫോണ്‍ വിളിച്ചിട്ട് അത് അവന്റെ കഥയാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടി. കാരണം ഇത് എന്റെ കഥയാണെന്നാണ് എന്റെ വിശ്വാസം. മാത്രമല്ല അഭിനയ മോഹവുമായി നടക്കുന്ന എല്ലാവര്‍ക്കും കണക്ടാവുന്നതുമാണ് ഈ കഥ.
ഇത് എന്റെ കഥയാണ് എന്ന് പുള്ളി പറഞ്ഞു. ആണോ, സന്തോഷം എന്ന് ഞാനും പറഞ്ഞു. അതല്ല, എന്റെ ജീവിതം എടുത്ത് നിങ്ങള്‍ സിനിമയാക്കിയതുപോലെയാണ് എനിക്ക് തോന്നിയത്. എന്നായി പുള്ളി. ഞാനും ചേട്ടനെപോലെ തന്നെയാണ്, എന്നേയും കാണാന്‍ ഒരു മെനയുമില്ലെന്നായിരുന്നു പുള്ളി അതിന് ശേഷം പറഞ്ഞത്. ഇത് കേട്ട ഞാന്‍ അപ്പോള്‍ ആരായി (ചിരി).
അതുപോലെ സിനിമയില്‍ മേക്കപ്പ് ഇട്ട് ഇരുന്ന ശേഷം ആ കോസ്റ്റിയൂം ഊരി വാങ്ങിയതിനെ കുറിച്ചും എന്നെ ആരോ ഒരാള്‍ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. അത് ആരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. സിനിമയില്‍ നിന്നുള്ള ആളാണ്. പുള്ളിയ്ക്കും അതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞത്.
ഞാന്‍ ശരിക്കും ആ സിനിമയില്‍ കാണിച്ചത് എനിക്ക് നേരിട്ട അനുഭവങ്ങളാണ്. അത് ഒരുപക്ഷേ പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റിക്കാണും, വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഡിസംബര്‍ 1 ന് റിലീസ് ചെയ്ത ഡാന്‍സ് പാര്‍ട്ടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം. അനിക്കുട്ടന്‍ എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്.
വിഷ്ണുവിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ബോബന്‍, ശ്രീനാഥ് ഭാസിയുടെ ബോബി, സാജു നവോദയ അവതരിപ്പിക്കുന്ന സുകു, ഫുക്രുവിന്റെ സജീവന്‍, പ്രയാഗ മാര്‍ട്ടിന്റെ റോഷ്നി എന്നീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
അമേരിക്കന്‍ ഷോയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഒരു ഡാന്‍സ് ട്രൂപ്പും അതിലേക്ക് പ്രവേശനം നേടാനായി ആഗ്രഹിക്കുന്ന അനിക്കുട്ടനും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇടിയന്‍ ചന്ദുവാണ് ഇറങ്ങാനിരിക്കുന്ന പുതിയ പടം. ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.
Content Highlight: Vishnu Unnikrishnan about a call he got after kattappanayile hrithik roshan movie