ജിൻസൻ ഇങ്ങനെ കരയില്ല, അവന്റെ കരച്ചിലിൽ പോലും കലിപ്പുണ്ടാവുമെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു; മഞ്ഞുമ്മൽ ബോയ്സിലെ സീനിനെ കുറിച്ച് വിഷ്‌ണു രഘു
Entertainment
ജിൻസൻ ഇങ്ങനെ കരയില്ല, അവന്റെ കരച്ചിലിൽ പോലും കലിപ്പുണ്ടാവുമെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു; മഞ്ഞുമ്മൽ ബോയ്സിലെ സീനിനെ കുറിച്ച് വിഷ്‌ണു രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd March 2024, 2:24 pm

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിക്കഴിഞ്ഞു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരുന്നു. വേൾഡ് വൈഡ് 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായും മഞ്ഞുമ്മൽ മാറി കഴിഞ്ഞു.

മഞ്ഞുമ്മൽ ബോയ്സിൽ ഒരാളായ ജിൻസനായി അഭിനയിച്ചിരിക്കുന്നത് നടൻ വിഷ്ണു രഘുവാണ്. സഹ സംവിധായകനായി തന്റെ കരിയർ തുടങ്ങിയ വിഷ്‌ണു ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് കൂടെയാണ്. ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിഷ്ണു.

ചിത്രത്തിൽ പൊലീസ് സ്റ്റേഷൻ സീനിൽ താൻ കരഞ്ഞത് കണ്ട് ഷോട്ടിന് ശേഷം, ജിൻസൻ ഇങ്ങനെ കരയില്ലെന്ന് തന്നോട് ശ്രീനാഥ് ഭാസി പറഞ്ഞെന്നും എല്ലാ സീനിലും അങ്ങനെ പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അഭിനയിച്ചതെന്നും വിഷ്ണു പറഞ്ഞു. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘2006 കാലഘട്ടത്തിലുള്ള ഡ്രസ്സൊക്കെ ഇട്ട് കൊടൈക്കനാൽ ലൊക്കേഷനിലെത്തി. ആദ്യ ഷോട്ടിൽ പക്ഷേ, എനിക്ക് ഷർട്ട് തന്നെയില്ല. കുതിരയെ ‘ജയൻ സ്റ്റൈലിൽ തടവുന്നതാണ് ആ സീൻ. ഷോട്ടെടുക്കുമ്പോൾ ഷൂട്ട് കാണുന്നവരുടെയെല്ലാം ശ്രദ്ധ എന്നിലേക്കാണ്. കൊടൈക്കനാൽ മുഴുവൻ എന്നെ ശ്രദ്ധിക്കുന്നുവെന്ന തോന്നൽ ഒരു കുളിരു തന്നെയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ വച്ചു ഞാൻ കരയുന്ന ഒരു സീൻ ഉണ്ട്. വിങ്ങിപ്പൊട്ടി കരയുകയാണ്. ഒരു ടേക്ക് കഴിഞ്ഞപ്പോൾ ശ്രീനാഥ് ഭാസി അടുത്തു വന്നു പറഞ്ഞു. ‘എടാ, നിനക്ക് ജിൻസനെ അറിയില്ലേ? അവൻ ഇങ്ങനെ കരയില്ല.

അവന്റെ കരച്ചിലിൽ പോലും കലിപ്പുണ്ടാകും. അങ്ങനെ പരസ്പരം പ്രോത്സാഹിപ്പിച്ചാണു ഞങ്ങൾ അഭിനയിച്ചത്,’ വിഷ്ണു രഘു പറയുന്നു.

Content Highlight: Vishnu Raghu Talk About A Scene In Manjummal Boys