വന്നു ഇറങ്ങി 34ാം സെക്കന്‍ഡില്‍ ഗോളടിച്ചു, ഒരു മലയാളി എക്‌സ്പ്രസ്സ്; ഐ.എസ്.എല്ലില്‍ ചരിത്രം കുറിച്ച് കേരള താരം
Football
വന്നു ഇറങ്ങി 34ാം സെക്കന്‍ഡില്‍ ഗോളടിച്ചു, ഒരു മലയാളി എക്‌സ്പ്രസ്സ്; ഐ.എസ്.എല്ലില്‍ ചരിത്രം കുറിച്ച് കേരള താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 3:55 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി മലയാളി താരം വിഷ്ണു പുതിയ വളപ്പില്‍. ഒഡീഷയ്‌ക്കെതിരായ മത്സരത്തിലാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വിഷ്ണു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഒഡീഷ വിജയിച്ചിരുന്നു. മത്സരം തോറ്റെങ്കിലും മലയാളി താരം ചരിത്രനേട്ടം സ്വന്തമാക്കുകയായിരുന്നു.

ഈസ്റ്റ് ബംഗാളിനായി മത്സരം തുടങ്ങി 34 സെക്കന്റുകള്‍ക്കുള്ളില്‍ വിഷ്ണു ഗോള്‍ നേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരം റെക്കോഡ് നേട്ടം സ്വന്തം പേരിലാക്കിമാറ്റിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഈ സീസണില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടമാണ് വിഷ്ണു സ്വന്തമാക്കിയത്. മൈതാനത്തിന്റെ വലതു വിങ്ങില്‍ നിന്നും ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ താരം ഒഡിഷയുടെ പോസ്റ്റിലേക്ക് ഉന്നം വെക്കുകയായിരുന്നു.

ഒഡീഷയുടെ തട്ടകമായ കലിങ്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഹോം ടീം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-1-4-1 എന്ന ശൈലിയുമാണ് ബംഗാള്‍ പിന്തുടര്‍ന്ന്.

മത്സരത്തിന്റെ 40ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായ ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഡിഗോ മൗറീഷ്യയാണ് ഒഡിഷയുടെ മറുപടി ഗോള്‍ നേടിയത്.

ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയില്‍ 61ാം മിനിട്ടില്‍ പ്രിന്‍സല്‍ട്ടോണ്‍ റെബല്ലോവാണ് ഒഡീഷയുടെ വിജയ ഗോള്‍ നേടിയത്.

ജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 10 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും അടക്കം 35 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഒഡിഷ.

മാര്‍ച്ച് മൂന്നിന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയാണ് ഒഡിഷയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.

Content Highlight: Vishnu Puthiya Valappil create a new record in Isl