മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. ഇപ്പോള്‍ അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി ഇറങ്ങിയ സിനിമയാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ്. തിയേറ്ററില്‍ ഈ സിനിമ വലിയ വിജയം നേടിയിരുന്നു.
2014ല്‍ തമിഴില്‍ വന്‍ വിജയമായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗത്തില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്.
ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ചെയ്ത മലയാളി നടനാണ് വിഷ്ണു ഗോവിന്ദന്‍. ഇപ്പോള്‍ താരം ഫിലിംബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് സുബ്ബരാജിനെ കുറിച്ച് സംസാരിക്കുകയാണ്.
‘ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍ എന്നെ കാര്‍ത്തിക് സുബ്ബരാജ് എന്ന ഡയറക്ടര്‍ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതല്‍ എല്ലാം ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്.
സാറിന്റെ വര്‍ക്കുകളെല്ലാം ഫോളോ ചെയ്യുന്ന ആളാണ് ഞാന്‍. മുമ്പ് ‘അറ്റെന്‍ഷന്‍ പ്ലീസ്’ ഇറങ്ങിയ സമയത്ത് ഐ. എഫ്.എഫ്.കെയില്‍ നമ്മ പേസ കൂടാത് നമ്മ പടം താന്‍ പേസണം എന്ന് ഞാന്‍ മൈക്കിലൂടെ പറഞ്ഞിരുന്നു.
അന്ന് കാര്‍ത്തിക് സുബ്ബരാജ് ‘അറ്റെന്‍ഷന്‍ പ്ലീസ്’ കണ്ടിട്ട് പോലുമില്ല. ഒന്ന് ആലോചിച്ചു നോക്കിയേ, അതില്‍ നിന്നും ഞാന്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വരെ എത്തി.
ഇനി കാര്‍ത്തിക് സാര്‍ വിളിച്ചിട്ട് ‘വിഷ്ണൂ, നീ സെറ്റില്‍ ചായ കൊടുക്കാന്‍ വരണം,’ എന്ന് പറഞ്ഞാലും ഞാന്‍ അവിടേക്ക് പോകും. കാരണം എനിക്ക് ആ വ്യക്തിയെ നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.
അദ്ദേഹത്തോട് സംസാരിക്കുകയെന്നത് വലിയ കാര്യമാണ്. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റില്‍ ഒരു കഥാപാത്രമാകാന്‍ പറ്റുകയെന്നത് ഭാഗ്യമായല്ലേ കാണാന്‍ പറ്റുകയുള്ളൂ. ഒരുപാട് സന്തോഷമുള്ള കാര്യമാണ് അത്.
അദ്ദേഹത്തിന്റെ സിനിമയിലുള്ള ഡീറ്റെയിലിങ് പോലെ തന്നെ അതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആ ഡീറ്റെയിലിങ്ങുണ്ട്. മുരുകന്‍ എന്ന് പറയുന്ന എന്റെ കഥാപാത്രം ഒരു പ്രധാനപെട്ട കഥാപാത്രമാണ്.
അതില്‍ നിന്നാണ് എസ്.ജെ. സാറിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് പോകുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും അത്തരം ഡീറ്റെയിലിങ് ഉണ്ട്. ആ അച്ചിലേക്ക് വീഴുക എന്നത് മാത്രമാണ് നടനെന്ന രീതിയില്‍ നമ്മള്‍ ചെയ്യേണ്ടത്,’ വിഷ്ണു ഗോവിന്ദന്‍ പറഞ്ഞു.
Content Highlight: Vishnu Govindan Talks About Karthik Subbaraj