| Saturday, 18th November 2023, 3:56 pm

ജിഗര്‍തണ്ടയില്‍ നിന്ന് എന്റെ ഭാഗം കട്ട് ചെയ്യുമോയെന്ന് പേടിച്ചതിന് കാരണം ഇതായിരുന്നു: വിഷ്ണു ഗോവിന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ ഇപ്പോള്‍ വലിയ വിജയം നേടിയ സിനിമയാണ് കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്സ്. 2014ല്‍ തമിഴില്‍ വന്‍ വിജയമായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ആദ്യ ഭാഗത്തില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്.

ജിഗര്‍തണ്ട ഡബിള്‍ എക്സില്‍ ഒരു പ്രധാന കഥാപാത്രത്തെ ചെയ്ത മലയാളി നടനാണ് വിഷ്ണു ഗോവിന്ദന്‍. ഇപ്പോള്‍ താരം സൈന സൗത്ത് പ്ലസിനോട് സിനിമയുടെ വിശേഷങ്ങളെ പറ്റി സംസാരിക്കുകയാണ്.

‘പടം റിലീസായതിന് ശേഷം അതിന്റെ റെസ്‌പോണ്‍സ് കണ്ട് ഒരുപാട് സന്തോഷം തോന്നിയിരുന്നു. കഴിഞ്ഞ കൊല്ലം ഏതാണ്ട് ഈ സമയത്താണ് എനിക്ക് സിനിമയിലേക്ക് കോള്‍ വരുന്നത്.

അറ്റന്‍ഷന്‍ പ്ലീസ് സിനിമയിറങ്ങി ഒരു മാസം കഴിഞ്ഞ് ഓഗസ്റ്റിലാണ് ഒഡീഷന് വേണ്ടി ചെന്നൈയിലേക്ക് വരണമെന്ന് പറഞ്ഞ് വിളിക്കുന്നത്. ഞാന്‍ പോകുന്നു, ഒഡീഷന്‍ കഴിയുന്നു.

ഡിസംബറിലാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. എനിക്ക് മൊത്തം ഒരു ഇരുപത് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. നാല് ഷെഡ്യൂളുകളില്‍ എല്ലാ ഷെഡ്യൂളിലും നാലഞ്ചു ദിവസമായിട്ട് ഞാന്‍ ഉണ്ടായിരുന്നു.

ഈ ഷൂട്ടിനിടക്ക് ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. കാരണം എസ്. ജെ. സൂര്യയുടെയും ലോറന്‍സിന്റെയും കൂടെ അഭിനയിക്കാന്‍ പറ്റുക, ആ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുകയെന്നതൊക്കെ ഭാഗ്യമായിരുന്നു.

പിന്നെ ഈ സിനിമയില്‍ ഡബ്ബിങ്ങ് ഉണ്ടായിരുന്നു. അതിനെന്നെ വിളിക്കില്ലെന്നായിരുന്നു കരുതിയത്. പിന്നെ ഡബ്ബിങ്ങ് വര്‍ക്കാകുമോയെന്ന് സംശയമായിരുന്നു. മധുര സ്ലാങ്ങിലായിരുന്നു സംസാരം.

അഭിനയിക്കുന്ന സമയത്ത് ആ സ്ലാങ്ങ് ഉപയോഗിച്ചിരുന്നില്ല, പകരം സാധാരണ തമിഴിയായിരുന്നു ഉപയോഗിച്ചത്. മധുര സ്ലാങ്ങിലെ സംസാരം ആള്‍ക്കാര്‍ കൊള്ളാമെന്നൊക്കെ പറയുന്നുണ്ട്.

പക്ഷെ പടമിറങ്ങുന്നതിന് ഒരാഴ്ച്ച മുമ്പ് ചെറിയ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. കാരണം പടത്തിന്റെ റണ്‍ ടൈം ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് ഉണ്ടായിരുന്നു. അതോടെ നമ്മുടെ പോര്‍ഷന്‍ പോയി കാണുമോയെന്നോര്‍ത്ത് എനിക്കാകെ ടെന്‍ഷനായി.

പടം അത്രയും വലുതായത് കൊണ്ട് ട്രിമ്മായി കാണുമോയെന്ന ചിന്തയായിരുന്നു എനിക്ക്. പ്രത്യേകിച്ച് അവരൊത്തിരി ഷോട്ട് എടുത്തതിനെ പറ്റി എനിക്ക് അറിയാമായിരുന്നു. എന്റെ കഥാപാത്രമാണെങ്കില്‍ ഒരു പ്രധാന കഥാപാത്രമാണ്.

എങ്കിലും ആ കഥാപാത്രത്തെ എടുത്ത് കളഞ്ഞാല്‍ നരേറ്റീവിന് എന്തെങ്കിലും മാറ്റം വരുമോയെന്നൊന്നും അറിയില്ല. എനിക്കാണേല്‍ എല്ലാ ഷെഡ്യൂളിലുമുള്ളത് കൊണ്ട് സിനിമയുടെ കഥ ഏകദ്ദേശം അറിയാമായിരുന്നു,’ വിഷ്ണു ഗോവിന്ദന്‍ പറഞ്ഞു.


Content Highlight: Vishnu Govindan Talks About Jigarthanda Double X

We use cookies to give you the best possible experience. Learn more