| Saturday, 18th November 2023, 5:54 pm

ജിഗര്‍തണ്ടയുടെ ഷൂട്ടിങ്ങ് സമയത്ത് എന്റെ ലുക്ക് കണ്ട് എസ്. ജെ. സൂര്യ സാര്‍ തെറ്റിദ്ധരിച്ചു: വിഷ്ണു ഗോവിന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു ഗോവിന്ദന്‍. താരം ഇപ്പോള്‍ ഏറ്റവും പുതുതായി അഭിനയിച്ച സിനിമയാണ് കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്സ്.

തിയേറ്ററില്‍ ഇപ്പോള്‍ വലിയ വിജയം നേടി കൊണ്ടിരിക്കുന്ന സിനിമയാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. 2014ല്‍ തമിഴില്‍ വന്‍ വിജയമായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ആദ്യ ഭാഗത്തില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്.

ജിഗര്‍തണ്ട ഡബിള്‍ എക്സില്‍ അഭിനയിക്കുമ്പോള്‍ തന്റെ ലുക്ക് കണ്ട് എസ്. ജെ സൂര്യ താന്‍ ഏതോ തമിഴ് നടനാണെന്നാണ് തെറ്റിദ്ധരിച്ചതിനെ പറ്റി സംസാരിക്കുകയാണ് വിഷ്ണു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ രണ്ടുവര്‍ഷം ചെന്നൈയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. പണ്ടു മുതല്‍ക്കേ തമിഴ് സിനിമകള്‍ കാണുന്നത് കൊണ്ട് തമിഴ് എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

തമിഴ് അധികം ഉപയോഗിക്കാതെ പെട്ടെന്ന് പറയുന്നതിന്റെ ചെറിയ ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. സെറ്റില്‍ മലയാളി അസിസ്റ്ററ്റ് ഡയറക്ടറായിട്ടുള്ള സൂരജെന്ന ഒരു കൂട്ടുക്കാരന്‍ ഉണ്ടായിരുന്നു.

എനിക്ക് എന്തൊരു സംശയവും അവനോട് ചോദിക്കാമായിരുന്നു. ചില വാക്കുകളുടെ അര്‍ത്ഥങ്ങളൊക്കെ അവനോടായിരുന്നു ഞാന്‍ ചോദിച്ചിരുന്നത്.

ഡയലോഗുകളൊക്കെ തംഗ്ലീഷില്‍ എഴുതി തരും. അതായത് തമിഴ് ഇംഗ്ലീഷില്‍ എഴുതി തരും. അത് പഠിച്ചിട്ട് അവനോടാണ് സംശയങ്ങള്‍ ചോദിച്ചിരുന്നത്.

പിന്നെ സെറ്റിലേക്ക് ചെന്നാല്‍ കാര്‍ത്തിക് സാര്‍ എല്ലാം പറഞ്ഞു തരുമായിരുന്നു. എസ്. ജെ സാര്‍ ഡയറക്ടര്‍ ആയതുകൊണ്ട് സാറും അവിടെ ഉണ്ടാകുമായിരുന്നു.

എല്ലാവരും കൂടെ ചേര്‍ന്ന് നല്ല രസകരമായ ഒരു പ്രോസസായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് ദിവസം എന്റെ ലുക്ക് കണ്ടിട്ട് എസ്. ജെ സൂര്യ സാര്‍ വിചാരിച്ചത് ഞാന്‍ ഏതോ തമിഴ് നടനാണെന്നാണ്.

ഏതോ ഒരു തമിഴ് ആക്ടറിനെ ഒഡീഷന്‍ ചെയ്ത് കിട്ടിയതാകുമെന്നാണ് കരുതിയത്. പിന്നീടാണ് ഞാന്‍ മലയാളിയാണെന്ന് പലര്‍ക്കും മനസിലാകുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു,’ വിഷ്ണു ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: Vishnu Govindan Says S J Suryah Misundersood His Look

We use cookies to give you the best possible experience. Learn more