| Friday, 1st September 2023, 12:49 pm

'ബാബു ചേട്ടന്‍ ഫൈറ്റ് കറക്ടായി ചെയ്തുവെന്ന് അന്‍പറിവ് പറഞ്ഞു, അതാരാണെന്നറിയാമോ എന്നുള്ള മൂഡായിരുന്നു ഞങ്ങള്‍ക്ക്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സില്‍ ബാബു ആന്റണിയുടെ ഫൈറ്റ് രംഗം ചിത്രീകരിച്ചതിനെ പറ്റി സംസാരിക്കുയാണ് നടന്‍ വിഷ്ണു അഗസ്ത്യ. നന്നായി ഫൈറ്റ് ചെയ്യാന്‍ താനുള്‍പ്പെടെയുള്ളവരോട് നിരന്തരം പറയുന്ന അന്‍പറിവ് മാസ്റ്റേഴ്‌സ് ബാബു ആന്റണിയുടെ രംഗം എടുത്തപ്പോള്‍ കറക്ടായി ചെയ്തുവെന്ന് പറഞ്ഞുവെന്നാണ് വിഷ്ണു പറഞ്ഞത്.

സംവിധായകന്‍ നഹാസ് ഹിദായത്ത് ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും ബാബു ആന്റണിയുടെ ഫാന്‍സ് ആയിരുന്നുവെന്നും വിഷ്ണു സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പണ്ട് ബാബു ചേട്ടന്റെ സിനിമകള്‍ക്ക് തിയേറ്ററിലിരുന്ന് കയ്യടിച്ചവരാണ് ഈ സിനിമയിലും ഒപ്പം വര്‍ക്ക് ചെയ്തത്. നമ്മള്‍ ഫൈറ്റ് ചെയ്യുന്ന സമയത്ത് സോഫ്റ്റാവല്ല്, നീ ഡാന്‍സറല്ല, ഫൈറ്റ് ചെയ്യാന്‍ അന്‍പറിവ് മാസ്റ്റര്‍മാര്‍ പറയും. നന്നായി ഫൈറ്റ് ചെയ്യാന്‍ പെപ്പെയോടും നീരജിനോടും ഷെയ്‌നിനോടുമൊക്കെ പറയും.

ബാബു ചേട്ടന്റെ ഫൈറ്റ് സീനെടുക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും അത് കാണാനായി ക്യാമറയുടെ പിറകില്‍ വന്ന് നിന്നു. നഞ്ചക്ക് കൊണ്ട് അഞ്ച് മൂവ് കാണിച്ച് ക്യാമറയുടെ ഫോക്കസില്‍ ബാബു ചേട്ടന്‍ വന്നിരിക്കുന്ന സമയത്ത് അവര്‍ കട്ട് പറഞ്ഞു. ഞങ്ങളൊക്കെയാണെങ്കില്‍ മാസ്റ്റര്‍ പറയുന്ന സ്ഥലത്തേക്ക് എത്താന്‍ ഓടുവാണ്.

ബാബു ചേട്ടന്റെ ഷോട്ട് കഴിഞ്ഞപ്പോഴേക്കും അന്‍പറവ് മാസ്റ്റര്‍മാര്‍ കറക്ടാ പണ്ണിട്ടാറ് എന്ന് പറഞ്ഞു. ഞങ്ങളപ്പോള്‍ ബാക്കില്‍ നിന്ന് കയ്യടിച്ചിട്ട് ആരാണെന്നറിയാമോ എന്നുള്ള മൂഡായിരുന്നു. ആ ഷോട്ട് കണ്ട് അവിടെ നിന്നപ്പോള്‍ രോമാഞ്ചം വന്നു.

ആദ്യമായി ഞാന്‍ ബാബു ചേട്ടനോട് സംസാരിക്കുന്നത് അപ്പോഴാണ്. പോള്‍സണെ അവതരിപ്പിക്കുന്നത് ഞാനാണെന്ന് പറഞ്ഞപ്പോള്‍ അറിയാമെന്ന് പറഞ്ഞു. ചേട്ടന്റെ ഭയങ്കര ഫാനാണ്, ഭയങ്കര മൊമെന്റാണ് നിങ്ങള്‍ തന്നതെന്ന് പറഞ്ഞു. ആ രംഗത്തിന് കയ്യടി കിട്ടുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. സംവിധായകന്‍ നഹാസ് ഉള്‍പ്പെടെ അവിടെയുള്ളവര്‍ ബാബു ചേട്ടന്റെ പഴയ സിനിമകളുടെ ഫാന്‍സ് ആണ്,’ വിഷ്ണു പറഞ്ഞു.

തന്റെ കഥാപാത്രമായ പോള്‍സണെ പറ്റിയും വിഷ്ണു അഭിമുഖത്തില്‍ സംസാരിച്ചു. ‘ജെയ്സണ്‍ ചേട്ടന്‍ ഒരു ഡിസിഷന്‍ മേക്കറായിരുന്നു. ഒരുപാട് ആളുകള്‍ക്ക് ബഹുമാനം ഉള്ള അപകടകാരിയായ കഥാപാത്രമായിരുന്നു ജെയ്സണ്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ ഗര്‍വിലും ഓറയിലും സ്വാധീനത്തിലും സന്തോഷത്തോടെയും നടക്കുന്ന, ചേട്ടനെന്ന് പറഞ്ഞാല്‍ അഭിമാനം കൊള്ളുന്ന, ചേട്ടന്റെ ഗെത്തില്‍ നടന്ന അനിയനാണ് പോള്‍സണ്‍.

പിന്നെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ നായകന്മാര്‍ ജെയ്സന്റെ കാല് തല്ലിയൊടിക്കുകയും പിന്നീട് അയാള്‍ സെറ്റില്‍മെന്റിന് തയാറാവുകയും ചെയ്യുന്നുണ്ട്. അത് പോള്‍സണെ ട്രിഗര്‍ ചെയ്യുകയും അയാള്‍ ഡൗണാവുകയും ചെയ്യുകയാണ്. ഹീറോ ആയി കണ്ടിരുന്ന ആള്‍ ഒരു ഘട്ടത്തില്‍ പൈസയുടെ പേരിലോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ സെറ്റിലായി.

പിന്നീട് പോള്‍സണ്‍ എവിടെയെങ്കിലും ചെല്ലുമ്പോള്‍ ആളുകള്‍ അപമാനിച്ചിട്ടുണ്ടാവാം. ജെയ്സണ്‍ ചേട്ടായീടെ അനിയന്‍ എന്ന് പറയുന്നിടത്തുനിന്നും ഞൊണ്ടി ജെയ്സന്റെ അനിയന്‍ എന്ന് വിളിച്ചിട്ടുണ്ടാവാം. ഇതൊക്കെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോള്‍ നഹാസ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഉള്ളിലെ വെറുപ്പും പ്രതികാരവും തിന്നുതിന്നു ജെയ്സണ്‍ ഇങ്ങനെയായി,’ വിഷ്ണു പറഞ്ഞു.

Content Highlight: Vishnu Agusthya about the fight scene of Babu Antony in RDX

We use cookies to give you the best possible experience. Learn more