| Wednesday, 1st January 2025, 7:08 pm

വീണ്ടും കൂടെ അഭിനയിക്കാന്‍ കൊതി തോന്നുന്ന താരമാണ് ആ നായിക: വിഷ്ണു അഗസ്ത്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് സിനിമയിലെ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് വിഷ്ണു അഗസ്ത്യ. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഓ ബേബി എന്ന ചിത്രത്തിലെ സ്റ്റാന്‍ലിയായും വിഷ്ണു പ്രേക്ഷകരെ ഞെട്ടിച്ചു. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഏറ്റവും പുതിയ ചിത്രം റൈഫിള്‍ ക്ലബ്ബിലും പ്രധാന വേഷത്തില്‍ വിഷ്ണു അഗസ്ത്യ എത്തിയിട്ടുണ്ട്.

റൈഫിള്‍ ക്ലബ്ബില്‍ വിഷ്ണു അഗസ്ത്യയുടെ ജോഡി ആയി എത്തിയത് ദര്‍ശന രാജേന്ദ്രനായിരുന്നു. ദര്‍ശനയെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു അഗസ്ത്യ. വളരെ അത്ഭുതം നിറഞ്ഞ കോ ആക്റ്ററാണ് ദര്‍ശന എന്നും ‘ദസ് ബ്രോ’ എന്നാണ് താന്‍ ദര്‍ശനയുടെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നതെന്നും വിഷ്ണു അഗസ്ത്യ പറഞ്ഞു.

ദര്‍ശനയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എളുപ്പമാണെന്നും നാടകങ്ങളും മറ്റും ചെയ്തിരിക്കുന്നതുകൊണ്ടുതന്നെ വളരെ രസമുള്ള പെര്‍ഫോമറാണ് ദര്‍ശനയെന്നും വിഷ്ണു പറയുന്നു. ചെറിയ കാര്യങ്ങള്‍ വരെ ആഘോഷിക്കുന്ന ആളാണ് അവരെന്നും കൂടെ അഭിനയിക്കാന്‍ വീണ്ടും കൊതി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു അഗസ്ത്യ.

‘വണ്ടര്‍ഫുള്‍ കോ ആക്റ്ററാണ് ദര്‍ശന. ‘ദസ് ബ്രോ’ എന്നാണ് ഞാന്‍ ഇപ്പോള്‍ നമ്പര്‍ സേവ് ചെയ്ത് വെച്ചിരിക്കുന്നത്. ദര്‍ശനയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. നാടകങ്ങളും മറ്റും ചെയ്തിരിക്കുന്നതുകൊണ്ടുതന്നെ വളരെ രസമുള്ള പെര്‍ഫോമറാണ് ദര്‍ശന. വളരെ ബുദ്ധിപരമായി ആക്ടിങ് പ്രോസസിനെ നോക്കി കാണും.

അഭിനയിക്കുന്ന സമയത്ത് വളരെ ശ്രദ്ധയുള്ള ആളാണെങ്കിലും അതിനപ്പുറം ചെറിയ കാര്യങ്ങള്‍ വരെ ആഘോഷിക്കുന്ന നല്ല രസമുള്ള ആളാണ് ദര്‍ശന. മച്ചാനെ നമുക്ക് വീണ്ടും അഭിനയിക്കണം എന്ന് പറയാറുണ്ട്. കൂടെ അഭിനയിക്കാന്‍ വീണ്ടും കൊതി തോന്നുന്ന താരമാണ് ദര്‍ശന,’ വിഷ്ണു അഗസ്ത്യ പറയുന്നു.

Content Highlight: Vishnu Agasthya Talks About Darshana Rajendran

We use cookies to give you the best possible experience. Learn more