|

എന്ത് അടിസ്ഥാനത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്ന ചോദ്യം വരുമ്പോള്‍ ആ മഹാ നടന്റെ ഇന്റര്‍വ്യൂ കാണും: വിഷ്ണു അഗസ്ത്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്സ് സിനിമയിലെ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് വിഷ്ണു അഗസ്ത്യ. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഓ ബേബി എന്ന ചിത്രത്തിലെ സ്റ്റാന്‍ലിയായും വിഷ്ണു പ്രേക്ഷകരെ ഞെട്ടിച്ചു. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഏറ്റവും പുതിയ ചിത്രം റൈഫിള്‍ ക്ലബ്ബിലും പ്രധാന വേഷത്തില്‍ വിഷ്ണു അഗസ്ത്യ എത്തിയിട്ടുണ്ട്.

എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ നില്‍ക്കുന്നത് എന്ന ചോദ്യം താന്‍ തന്നോടുതന്നെ ചോദിക്കുമെന്നും ആ സമയത്തെ മറികടക്കാന്‍ മമ്മൂട്ടിയുടെയും ഇര്‍ഫാന്‍ ഖാന്റെയും അഭിമുഖങ്ങള്‍ കാണുമെന്നും വിഷ്ണു അഗസ്ത്യ പറയുന്നു.

താനൊരു ബോണ്‍ ആക്ടര്‍ അല്ലെന്നും തേച്ചാല്‍ ഇനിയും മിനുങ്ങുമെന്നും മമ്മൂട്ടി പറയുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും വിഷ്ണു പറഞ്ഞു. ഒരു തൊഴിലിനോട് ഒരുപാട് ഇഷ്ടം തോന്നിയാല്‍ അതിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ വളര്‍ച്ച വരുമെന്ന് മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്നും വിഷ്ണു വ്യക്തമാക്കി.

മമ്മൂട്ടിയുടെ കൂടെ എന്നെങ്കിലും വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ ഇന്‍സ്പയര്‍ ചെയ്ത കാര്യമൊന്നും പറയേണ്ടെന്നും ഒന്ന് അടുത്ത് കണ്ടാല്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു അഗസ്ത്യ.

‘എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്. ആ സ്ഥലങ്ങളില്‍ ഞാന്‍ അതിനെ മറികടക്കാന്‍ മമ്മൂക്കയുടെയും ഇര്‍ഫാന്‍ ഖാന്റെയും അഭിമുഖങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

മമ്മൂക്കയെല്ലാം പറഞ്ഞിട്ടുണ്ട് താനൊരു ബോണ്‍ ആക്ടര്‍ അല്ല. തേച്ച് തേച്ച് മിനുക്കി എടുത്തതാണ്. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും എന്ന്. അങ്ങനെ പറയുന്ന ആ ഭാഗത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഒരു തൊഴിലിനോട് നമുക്ക് ഒരുപാട് ഇഷ്ടം തോന്നിയാല്‍, അതിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്നെങ്കിലും ഒരു വളര്‍ച്ച വരും.

നിങ്ങള്‍ക്ക് അത്രക്കും ഇഷ്ടം ആണെങ്കില്‍ അതില്‍ പണി എടുക്കുക. ഞാന്‍ എന്നെങ്കിലും മമ്മുക്കയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹം എന്നെ ഇസ്‌പെയര്‍ ചെയ്തതോ ആ വാക്കുകളോ ഇതൊന്നും പറയണ്ട ജസ്റ്റ് അടുത്ത് നിന്നൊന്ന് കണ്ടാല്‍ മതി,’ വിഷ്ണു അഗസ്ത്യ പറയുന്നു.

Content Highlight: Vishnu Agasthya  Says Interview Of Mammotty And Irfan Khan Inspired Him A Lot