| Friday, 27th December 2024, 9:23 pm

ആസിഫ് ഇക്കയുടെ ആ സീൻ എന്നെ ഇൻസ്പയർ ചെയ്തു, അദ്ദേഹത്തിന്റെ മാസ് കം ബാക്കാണിത്: വിഷ്ണു അഗസ്ത്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനാകാന്‍ ആസിഫിന് സാധിച്ചു. കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി മലയില്‍, എ.കെ. സാജന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024 . ഈ തിരിച്ചുവരവ് ഒരു മാസാണെന്ന് പറയുകയാണ് നടൻ വിഷ്ണു അഗസ്ത്യ. നിലവിൽ മലയാളത്തിൽ ഉയർന്നുവരുന്ന നടനാണ് വിഷ്ണു. ആസിഫ് അലിയെ പോലെ ആങ്കറിങ് ലോകത്ത് നിന്നാണ് വിഷ്ണുവും സിനിമയിലേക്ക് എത്തുന്നത്. എപ്പോഴും തന്നെ ശ്രദ്ധിക്കുന്ന ഒരു നല്ല മനുഷ്യനാണ് ആസിഫ് അലിയെന്നും കിഷ്കിന്ധാ കാണ്ഡത്തിലെ അദ്ദേഹത്തിന്റെ പെർഫോമൻസ് തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്നും വിഷ്ണു പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു.

‘ഒരു സമയത്ത് ഞാൻ ആങ്കറിങ് പരിപാടിയൊക്കെ വിട്ടിട്ട് സിനിമയിൽ ഒരു ചാൻസിനായി നടക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാൻ ആരുമില്ലാതെ എവിടെയെങ്കിലും നിൽക്കുകയായിരിക്കും. അന്നൊക്കെ ആസിഫ് ഇക്ക, വിഷ്ണു എന്ന് വിളിച്ച് സംസാരിക്കുമായിരുന്നു.

എല്ലാകാലത്തും ഒരുപോലെ പെരുമാറിയിട്ടുള്ള വളരെ നല്ല രീതിയിൽ പെരുമാറിയിട്ടുള്ള മനുഷ്യന്മാരിൽ ഒരാളാണ് ആസിഫിക്ക. കുറേകാലമായി ഞാൻ പുള്ളിയെ നേരിട്ട് കണ്ടിട്ട്. പക്ഷെ ഇപ്പോൾ ഈയിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ കിഷ്കിന്ധാ കാണ്ഡമൊക്കെ ഞാൻ കണ്ടു. കിഷ്കിന്ധാ കാണ്ഡത്തിലെ ആ ഫോൺ കോൾ സീൻ ഒരു ആക്ടർ എന്ന നിലയിൽ എന്നെ ഒരുപാട് ഇൻസ്പയർ ചെയ്തു.

ആസിഫിക്കയുടെ കം ബാക്കാണിത്. അതുതന്നെയല്ലേ മാസ്. ആ തിരിച്ചുവരവിന്റെ കഥ വളരെ രസമുള്ളതാണ്. ഞാൻ ആസിഫിക്കയുടെ വലിയൊരു ഫാനാണ്,’വിഷ്ണു അഗസ്ത്യ പറയുന്നു.

ഇപ്പോൾ തിയേറ്ററിൽ ഓടുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം വിഷ്ണു അവതരിപ്പിച്ചിട്ടുണ്ട്. മുമ്പിറങ്ങിയ ആർ.ഡി.എക്‌സിലെയും ഒ.ബേബിയിലെയും വിഷ്ണുവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച സുങ് സുവിന്റെ സംഘർഷ ഘടന എന്ന ചിത്രത്തിലും വിഷ്ണു അഗസ്ത്യ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Content Highlight: Vishnu Agasthya About Asif Ali

We use cookies to give you the best possible experience. Learn more