'വിശേഷ'മറിയാന്‍ വെമ്പി നില്‍ക്കുന്നവര്‍ക്കുള്ള മറുപടി
Entertainment
'വിശേഷ'മറിയാന്‍ വെമ്പി നില്‍ക്കുന്നവര്‍ക്കുള്ള മറുപടി
അമര്‍നാഥ് എം.
Friday, 19th July 2024, 4:22 pm

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ തമാശയിലാണ് ബോഡിഷെയ്മിങ്ങിനെക്കുറിച്ച് മലയാളസിനിമ ആദ്യമായി ചര്‍ച്ച നടത്തിയത്. അതുവരെ കഷണ്ടിയും, തടിയും മലയാളികള്‍ക്ക് തമാശക്കുള്ള വിഷയം മാത്രമായിരുന്നു. പിന്നീട് അത്തരം തമാശകള്‍ മലയാളത്തില്‍ കുറഞ്ഞുതുടങ്ങി. ബോഡി പോസിറ്റിവിറ്റി പറയുന്ന സിനിമകളുടെ ലിസ്റ്റിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് വിശേഷം.

കല്യാണത്തിന് ശേഷം പല ദമ്പതികളും നേരിടേണ്ടി വരുന്ന ‘വിശേഷമൊന്നും ആയില്ലേ’ എന്ന ചോദ്യത്തോടുള്ള മറുപടിയാണ് ഈ സിനിമ. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് സ്വൈര്യമില്ലാതാക്കുന്ന ദമ്പതികളുടെ അവസ്ഥ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിട്ടുണ്ട്. നവാഗതനായ ആനന്ദ് മധുസൂദനനാണ് വിശേഷത്തിലെ നായകന്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തും ആനന്ദ് തന്നെയാണ്.

തമാശയിലൂടെ ശ്രദ്ധേയയായ ചിന്നു ചാന്ദ്‌നിയാണ് നായിക. മലയാളി സമൂഹം വലിയ കാര്യമായി കൊണ്ടുനടക്കുന്ന പല നാട്ടുനടപ്പിനെയും സിനിമ വിമര്‍ശിക്കുന്നുണ്ട്. ഡിവോഴ്‌സും, സെക്കന്‍ഡ് മാര്യേജും വലിയ അപരാധമാണെന്ന് കരുതുന്ന സമൂഹത്തില്‍ ഇതെല്ലാം നോര്‍മലാണെന്ന് ചിരിച്ചുകൊണ്ട് പറയുന്ന ചിന്നുവിന്റെ സജിത മലയാള സിനിമയില്‍ പുതിയ മാറ്റമാണ് കൊണ്ടുവരുന്നത്.

മലയാളസിനിമയില്‍ ആദ്യമായി പി.സി.ഓ.ഡിയെപ്പറ്റി സംസാരിച്ച് കണ്ടത് വിശേഷത്തിലാണെന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങളും മലയാളത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂവെന്നുള്ളത് ഇന്‍ഡസ്ട്രിക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. ഫീല്‍ ഗുഡിന് വേണ്ടി മനപൂര്‍വം ഉണ്ടാക്കിയ ഒന്നുരണ്ട് സീനുകളും പുരോഗമനം പറയുന്ന ഒരു സീനും ആര്‍ടിഫിഷ്യലായി തോന്നിയെങ്കിലും സിനിമയെ വലിയ രീതിയില്‍ അത് ബാധിച്ചിട്ടില്ല.

ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സിലേക്ക് വരുമ്പോള്‍ നായക കഥാപാത്രമായ ഷിജുവിനെ അവതരിപ്പിച്ച ആനന്ദ് മധുസൂദനന്‍ മികച്ച പെര്‍ഫോമന്‍സായിരുന്നു. ചിന്നു ചാന്ദ്‌നിയുടെ സി.പി.ഓ സജിതയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. എല്ലാ കാര്യത്തിനെയും പോസിറ്റീവായി സമീപിക്കുന്ന തന്റെ ജീവിതം മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലാത്ത സജിത ‘വണ്ടര്‍ വുമണ്‍’ തന്നെയാണ്. തമാശയിലെ ചിന്നുവിന് ശേഷം താരത്തിന് ലഭിച്ച മികച്ച കഥാപാത്രം തന്നെയാണ് സജിത.

വില്ലന്റെ വലംകൈയായുള്ള കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചുകൊണ്ടിരുന്ന ബൈജു ഏഴുപുന്ന വിശേഷത്തില്‍ നല്ലൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കുമ്പളങ്ങി നൈറ്റ്‌സിലെ ചിറ്റപ്പന് ശേഷം താരത്തിന് ലഭിച്ച നല്ലൊരു വേഷം തന്നെയാണ് വിശേഷത്തിലെ സുബുവേട്ടന്‍. ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങാന്‍ കഴിവുള്ള നടനാണ് താനെന്ന് ബൈജു ഇതിലും തെളിയിച്ചു.

അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ജോണി ആന്റണി, വിനീത് തട്ടില്‍, ദിലീഷ് പോത്തന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവരും അവരവരുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. പാട്ടുകള്‍ നന്നായിരുന്നെങ്കിലും ബി.ജി.എം ചില സ്ഥലത്ത് ഉദ്ദേശിച്ച ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല. മൊത്തത്തില്‍ അധികം ടെന്‍ഷനോ സ്‌ട്രെസ്സോ ഇല്ലാതെ കാണാന്‍ കഴിയുന്ന കുഞ്ഞ് സിനിമയാണ് വിശേഷം.

Content Highlight: Vishesham movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം