ചെന്നൈ: വിജയ് ചിത്രം മെര്‍സല്‍ ഓണ്‍ലൈനില്‍ കണ്ടെന്ന ബി.ജെ.പി നേതാവ് എച്ച് രാജയുടെ വെളിപ്പെടുത്തലിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ് നടനും നടികര്‍ സംഘത്തിന്റെ സെക്രട്ടറിയുമായ വിശാല്‍.
ചിത്രത്തിന്റെ ഒരു ഭാഗമാണെങ്കിലും പൂര്‍ണമായിട്ടാണെങ്കിലും നിങ്ങള്‍ ചിത്രം ഓണ്‍ലൈന്‍ ആയി കണ്ടു. നിങ്ങള്‍ ചെയ്തത് വലിയ തെറ്റ് തന്നെയാണ്. നിങ്ങളുടെ മറുപടിക്കായി ഞാന്‍ കാത്തു നില്‍ക്കുകയാണെന്നും വിശാല്‍ പറഞ്ഞു.
മെര്‍സല്‍ എന്ന ചിത്രത്തെ കൂടി നിന്ന് ആക്രമിക്കുന്നത് എന്തിനാണ്?. സാമൂഹിക പ്രശ്‌നങ്ങല്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ഇതിന് മുന്‍പ് വന്നിട്ടുണ്ട്. ഇനിയുമുണ്ടാകുകയും ചെയ്യും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സിനിമയിലൂടെ പ്രതിപാദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ പറഞ്ഞു.
ഒരു സിനിമയുടെ ഉള്ളടക്കം പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തിയ സിനിമക്ക് മാറ്റം വരുത്താനും സംഭാഷണം മ്യൂട്ട് ചെയ്യാന്‍ പറയാനും ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത് എന്നെ സംബന്ധിച്ചിടത്തോളം അതൊരു നടപടിയാണ്. പിന്നെ എന്നെ വിരട്ടുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും അത് ചെയ്തതാണെങ്കില്‍ എനിക്ക് മറുപടിയില്ല. റെയ്ഡ് നടന്ന സമയത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.”
കഴിഞ്ഞ ദിവസം എച്ച് രാജക്കെതിരെ നിലപാടെടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു വിശാലിന്റെ പ്രൊഡക്ഷന്‍ ഹൗസിലും വടപളനി ഓഫീസിലും ആദായ നികുതി വിജിലന്‍സ് പരിശോധന നടത്തിയത്. എന്നാല്‍ ഇത് റെയ്ഡ് ആയിരുന്നില്ലെന്നും സര്‍വീസ് ടാക്സ് കൃത്യമായി അടയ്ക്കുന്നുണ്ടോയെന്ന കാര്യമാണ് പരിശോധിച്ചതെന്നും സംഘം വ്യകതമാക്കിയിരുന്നു.