പ്രേക്ഷകര്‍ സി.ഡി.യുടെ പിന്നാലെ പോകുന്ന കാലം കഴിഞ്ഞെന്നും ആരുമിപ്പോള്‍ ഇതൊന്നും ഉപയോഗിക്കുന്നില്ലെന്നെും തമിഴ് നടന്‍ വിശാല്‍. പന്ത്രണ്ട് വര്‍ഷം മുന്നേ കമല്‍ സാര്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണ് ഡയറക്ട് ടു ഹോം ആയി സിനിമ റിലീസ് ചെയ്യാന്‍ നോക്കിയതെന്നും, എന്നാല്‍ അന്ന് അത് പറഞ്ഞപ്പോള്‍ സിനിമാമേഖലയിലെ എല്ലാവരും അദ്ദേഹത്തിന് നേരെ വാളോങ്ങിയിരുന്നുവെന്നും വിശാല്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഒ.ടി.ടി. റൈറ്റ്‌സ് സിനിമയുടെ ബിസിനസിന്റെ പ്രധാന ഭാഗമായി മാറിയെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ പ്രസ്മീറ്റിലാണ് വിശാല്‍ ഇക്കാര്യം പറഞ്ഞത്.
‘പൈറസിക്കെതിരെ ഞാന്‍ എന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ പോരാടിയിട്ടുണ്ട്. എന്റെ കണ്മുന്നില്‍ ആരെങ്കിലും വ്യാജ സി.ഡിയില്‍ സിനിമ കാണുന്നത് കണ്ടാല്‍ പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ആരും വ്യാജ സി.ഡി.യോ തിയേറ്റര്‍ പ്രിന്റോ കാണാറില്ല. ഒ.ടി.ടിയില്‍ സിനിമ കാണാനുള്ള സൗകര്യം വന്നു.
പക്ഷേ ഇതിനെപ്പറ്റി പത്തുവര്‍ഷം മുന്നേ കമല്‍ സാര്‍ പറഞ്ഞിരുന്നു. ആളുകള്‍ക്ക് വീട്ടിലിരുന്ന് പുതിയ സിനിമ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്ന്. അദ്ദേഹത്തിന്റെ ഒരു സിനിമ അതുപോലെ റിലീസ് ചെയ്യാന്‍ നോക്കിയിരുന്നു. ഡയറ്കട് ടു ഹോം ആയി വിശ്വരൂപം സിനിമ റിലീസ് ചെയ്യാന്‍ നോക്കിയപ്പോള്‍ സിനിമാമേഖലയിലുള്ള എല്ലാവരും കമല്‍ സാറിന് നേരെ വാളോങ്ങി.
ഇപ്പോള്‍ എന്തായി അവസ്ഥ? ഒരു സിനിമയുടെ ബിസിനസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ഒ.ടി.ടി. റൈറ്റ്‌സ് ആയി മാറി. അന്ന് കമല്‍ സാറിനെ വിമര്‍ശിച്ച പ്രൊഡ്യൂസേഴ്‌സ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സന്റെയും, ആമസോണ്‍ പ്രൈമിന്റെയും, സീഫൈവിന്റെയുമൊക്കെ വാതിലില്‍ നില്‍ക്കുകയാണ് ബിസിനസിന് വേണ്ടി. അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനമാണ് ഇതൊക്കെ,’ വിശാല്‍ പറഞ്ഞു.
Content Highlight: Vishal saying that Kamal Haasan took first initiative on OTT release ten years ago