| Sunday, 12th November 2023, 11:05 pm

ദീപാവലിക്ക് ആരും പടക്കം വാങ്ങണ്ട, തിയേറ്ററില്‍ പോയി ഈ പടം കണ്ടാല്‍ മതി; വൈറലായി വിശാലിന്റെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ പത്തിനാണ് കാര്‍ത്തി നായകനായ ജപ്പാന്‍ റിലീസ് ചെയ്തത്. രാജു മുരുകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുമ്പേ തന്നെ വമ്പന്‍ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ റിലീസിന് ശേഷം പ്രതീക്ഷക്കൊത്തുള്ള പ്രകടനം ചിത്രം നല്‍കിയില്ല എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും പറഞ്ഞത്.

തിരക്കഥയില്‍ പാളിച്ച പറ്റിയെന്നും കാര്‍ത്തി ഒഴിവാക്കേണ്ട സിനിമ ആയിരുന്നു ഇതെന്നുമാണ് അഭിപ്രായങ്ങള്‍ വന്നത്. പിന്നാലെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെ വീഡിയോ ക്ലിപ്പ് വൈറലാവുകയാണ്. സൂര്യ, ലോകേഷ് കനകരാജ്, തമന്ന, ആര്യ, വിശാല്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയത്.

ഇതില്‍ വിശാല്‍ നടത്തിയ പ്രസംഗത്തിലെ ക്ലിപ്പാണ് വൈറലാവുന്നത്. ‘ദീപാവലിക്ക് ആരും പടക്കം വാങ്ങണ്ട, തിയേറ്ററില്‍ പോയി ഈ സിനിമ കണ്ടാല്‍ ഫ്രീ ആയി അത് കിട്ടും,’ എന്നാണ് വിശാല്‍ പറഞ്ഞത്. അഭിനന്ദിച്ച് വിശാല്‍ നടത്തിയ പരാമര്‍ശം ചിത്രത്തിന് മോശം അഭിപ്രായങ്ങള്‍ വന്നതോടെ വൈറലാവുകയായിരുന്നു. വിശാല്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അനു ഇമ്മാനുവേല്‍ ആണ് ജപ്പാനില്‍ നായികയായത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഏഴ് കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഒന്നാം ദിവസം 4 കോടിയും രണ്ടാം മൂന്ന് കോടിയുമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

അതേസമയം ജപ്പാനൊപ്പം റിലീസ് ചെയ്ത ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്.ജെ. സൂര്യ, രാഘവ ലോറന്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിമഷ സജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Content Highlight: Vishal’s video on japan movie goes viral

We use cookies to give you the best possible experience. Learn more