തന്റെ ഏറ്റവും പുതിയ സിനിമയായ ലാത്തിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കുമെന്ന് നടന്‍ വിശാല്‍. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനം താനെടുത്തതെന്നും വിശാല്‍ പറഞ്ഞു. ലാത്തിയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിനിമാ താരം എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തകനായും അറിയപ്പെടുന്ന താരമാണ് വിശാല്‍. ഇതാദ്യമായല്ല വിശാല്‍ ഇത്തരത്തില്‍ കര്‍ഷകരെ സഹായിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സണ്ടൈക്കോഴി2 എന്ന സിനിമയുടെയും കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കര്‍ഷകര്‍ക്ക് താരം നല്‍കിയിരുന്നു.
‘ലാത്തി സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകരാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഞാന്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്,’ വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവാഗതനായ എ. വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’ ആക്ഷന്‍ ചിത്രമാണെന്നാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. യു.എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം സുനൈനയാണ് സിനിമയില്‍ നായികയായി എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയില്‍ സംഗീതം നല്‍കിയിരിക്കുന്നത്.
പീറ്റര്‍ ഹെയ്‌നാണ് ലാത്തിയിലെ സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്യുന്നത്. ബാലസുബ്രഹ്മണ്യന്‍, ബാലകൃഷ്ണ തോട്ട എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഈ മാസം 22നാണ് ലത്തി തിയേറ്ററുകളിലെത്തുന്നത്.
വിശാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന തുപ്പരിവാലന്‍2, മാര്‍ക്ക് ആന്റണി എന്നിവയാണ് ഇനി വരാന്‍ പോകുന്ന വിശാല്‍ ചിത്രങ്ങള്‍. ഈ സിനിമകള്‍ക്കെല്ലാം ശേഷം തമിഴ് താരം വിജയ്‌യെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്യുമെന്നും താരം പറഞ്ഞിരുന്നു.
content hihlight: vishal’s latthi movie collection for farmers