അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരില്‍ ചെടി നട്ട് നടന്‍ വിശാല്‍. ഗ്രീന്‍ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായാണ് താരം ചെടി നട്ടത്. ‘ശ്രീ പുനീത് രാജ്കുമാര്‍’ എന്നാണ് വിശാല്‍ ചെടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
പുനീതിനെ പോലെ വിശാലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം പുനീത് നോക്കി നടത്തിയിരുന്ന 1,800 കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് വിശാല്‍ ഏറ്റെടുത്തിരുന്നു.
വിശാലിന്റെ ഈ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് സിനിമാ ലോകം ഏറ്റെടുത്തത്.
‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1,800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അദ്ദേഹം നോക്കിനടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആ കര്‍ത്തവ്യം തുടരുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാന്‍ ഏറ്റെടുക്കും,’ വിശാല്‍ പറഞ്ഞു.
പുനീത് നല്ലൊരു നടന്‍ മാത്രമായിരുന്നില്ല, തന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നുവെന്നും, സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയധികം വിനയം വെച്ചുപുലര്‍ത്തുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ലെന്ന് വിശാല്‍ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ എനിമിയുടെ പ്രീ-റിലീസ് ചടങ്ങിലാണ് താരം കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുന്നതായി വിശാല്‍ അറിയിച്ചിരുന്നത്.
വിശാല്‍, ആര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹന്‍ദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളിലെത്തും.